ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തങ്ങള്‍ കുഞ്ഞിനെ ദത്തെടുത്തതെന്ന് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നാല് വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ വഴിയാണ് ദത്തെടുക്കുന്നതിലായി അപേക്ഷ സമര്‍പ്പിച്ചതെന്നും, ഇങ്ങനെ ഒരു കുഞ്ഞ് ശിശുക്ഷേമസമിതിയില്‍ ഉണ്ടെന്നറിഞ്ഞ് അവിടെ ചെന്ന് കണ്ട് ഇഷ്ടപ്പെട്ടാണ് തങ്ങള്‍ കുട്ടിയെ ദത്തെടുത്തതുമെന്നായിരുന്നു ദമ്പതികള്‍ പറഞ്ഞത്.
നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് ദത്ത് എടുത്തിരിക്കുന്നതെന്നും, കുടുംബ കോടതിയിലെ സിറ്റിംഗ് അടക്കം കഴിഞ്ഞതാണെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ താത്കാലികമായാണ് ദത്തെന്നും ഒരു സര്‍ട്ടിഫിക്കറ്റ് കൂടെ കിട്ടാ നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വയസ്സ് പ്രായമായ കുഞ്ഞ് തങ്ങളോടൊപ്പം സന്തോഷമായാണ് കരുതുന്നതെന്നും, പൂര്‍ണമായുള്ള ദത്തെടുക്കല്‍ നടപടികള്‍ തടസ്സമില്ലാതെ കഴിയുമെന്നാണ് കരുതുന്നതെന്നും ദമ്പതികള്‍ സൂചിപ്പിച്ചു.
കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എല്ലാം സി.ഡബ്‌ള്യു.സി അധികൃതര്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും, കേരളത്തിലേയും തമിഴ്‌നാട്ടിലെയും മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.
പൂര്‍ണമായി എല്ലാ നിയമങ്ങളും പാലിച്ചാണ് തങ്ങള്‍ ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ആയതിനാല്‍ തങ്ങള്‍ക്ക് മറ്റ് ആകുലതകള്‍ ഒന്നും തന്നെയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.