Kerala News
മൂന്ന് മിനാരങ്ങൾ ഉള്ള പള്ളിയല്ല; ബാബരി മസ്ജിദ് തന്നെ; പാഠഭാഗം കേരളത്തിൽ പഠിപ്പിക്കും: മന്ത്രി വി.ശിവൻകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 19, 02:44 am
Wednesday, 19th June 2024, 8:14 am

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ കേരളത്തിലെ സ്കൂളുകളിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. ഇത് സപ്ലിമെന്ററി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ ഹയർ സെക്കൻഡറി പാഠ്യപദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകങ്ങളിൽ ഉൾപ്പെടുത്തണോ എന്നത് കരിക്കുലം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത മാസമാണ് ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ സംസ്ഥാനത്ത് ആരംഭിക്കുക. ഓരോ രാഷ്ട്രീയക്കാരുടെയും താല്പര്യത്തിനനുസരിച്ച് ചരിത്രം വളച്ചൊടിക്കാനാവില്ലെന്നും വസ്തുതകളും ചരിത്ര സത്യങ്ങളും വളച്ചൊടിക്കാതെ കുട്ടികളെ പഠിപ്പിക്കും എന്ന നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഹയർ സെക്കൻഡറിയിൽ ശാസ്ത്ര സാമൂഹിക വിഷയങ്ങളിലാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും ചില പാഠങ്ങൾ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. മുഗൾ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങിയവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ കേരളത്തിൽ ഇവ ഉൾപ്പെടുത്തി സപ്ലിമെന്ററി പാഠപുസ്തകങ്ങൾ ഇറക്കുകയായിരുന്നു.

എൻ. സി.ഇ. ആർ.ടി യുടെ പുതിയ പാഠപുസ്തകങ്ങൾ അടുത്ത മാസം നിലവിൽ വരും. രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്ന പൊളിറ്റിക്കൽ സയൻസ് ,ചരിത്രം, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പുസ്തകങ്ങൾ കൂടി കേരളത്തിൽ തയ്യാറാക്കുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട്.

ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാതെയാണ് എൻ.സി.ഇ.ആർ.ടി പ്ലസ് ടു ക്ലാസിലെ പാഠപുസ്തകം പുറത്തിറക്കിയത്. മൂന്ന് മിനാരങ്ങൾ ഉള്ള പള്ളിയെന്ന് മാത്രമാണ് പുസ്തകത്തിൽ ബാബ്‌റി മസ്ജിദിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. എൻ.സി.ഇ.ആർ.ടിയുടെ പഴയ പാഠഭാഗത്തിൽ പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച പള്ളി എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബാബരി മസ്ജിദ് പൊളിക്കാൻ നേതൃത്വം കൊടുത്ത കല്യാൺസിങ്ങിനെതിരെയുള്ള സുപ്രീം കോടതിയുടെ നടപടിയും പുസ്തകത്തിലില്ല.

നിലവിൽ ബാബരി മസ്‌ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകളാണ് എൻ.സി.ഇ.ആർ.ടി നീക്കം ചെയ്തിരിക്കുന്നത്. 2014 മുതൽ നാലാം തവണയാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.

Content Highlight: The Babri Masjid lesson will be taught in Kerala: V.Sivankutti