ഇംഫാല്‍: നദിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കുടുംബത്തിലെ ആറ് അംഗങ്ങളുടെ ഓട്ടോപ്‌സി ഫലം പുറത്ത്. നവംബര്‍ 11ന് ജരിബാമിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും കാണാതായ മെയ്‌തെയ് കുടുംബത്തിന്റെ ഓട്ടോപ്‌സി ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പത്ത് മാസം പ്രായമുള്ള ലായ്ശ്രാം ലാംഗാന്‍ബ എന്ന കുഞ്ഞിന്റെയും ഒരു സ്ത്രീയുടെയും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തുവെന്നാണ് സില്‍ച്ചര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ലായ്ശ്രാമിന്റെ ദേഹത്ത് വെട്ടേറ്റ പാടുകളുണ്ടായിരുന്നെന്നും തല ഡിസ്‌ലൊക്കേറ്റ് ചെയ്ത നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 17ന് മോര്‍ച്ചറിയിലെത്തിച്ച കുഞ്ഞിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
തെലന്‍ തജന്‍ഗാന്‍ബിയെന്ന എട്ട് വയസുകാരിക്ക് വയറിന് താഴെ നിരവധി തവണ വെടിയേറ്റതായും തെലെം തോയ്ബിയെന്ന 31കാരിയുടെ തലയോട്ടി വെടിയേറ്റ് തകര്‍ന്നതായും ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടുംബത്തിലെ മൂന്ന് പേരുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച മനുഷ്യമനസിനെ മരവിപ്പിക്കുന്ന തരത്തില്‍ കുടുംബത്തിലെ മറ്റ് മൂന്ന് പേരുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടും പുറത്തുവിട്ടത്.
നേരത്തെ പുറത്തുവിട്ട ചിംകീന്‍ബ സിങ് (മൂന്ന്), ഹെയ്‌തോന്‍ബി ദേവി (25), വൈ റാണി ദേവി (60) എന്നിവരുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടിലും അസ്വസ്ഥപ്പെടുത്തുന്ന വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഇതുവരെ 258 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. സ്ഥിതിഗതികള്‍ അനുദിനം വഷളായിട്ടും മണിപ്പൂരിന് നേരെ കണ്ണടയ്ക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പ്രതിപക്ഷം പലവട്ടം ആവശ്യപ്പെട്ടിട്ടും നരേന്ദ്ര മോദി അതിന് തയാറായിട്ടില്ല.
സുരക്ഷാ സേനയും കുക്കി വിഭാഗത്തിലെ 11 പേരും തമ്മിലുള്ള വെടിവയ്പ്പിന് ശേഷമായിരുന്നു മെയ്‌തെയ് വിഭാഗത്തിലെ ഒരു കുടുംബത്തിലെ ആറ് പേരെ നവംബര്‍ 11ന് ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കാണാതായത്. കുക്കി സോ തീവ്രവാദികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.
സംഭവം നടന്ന ദിവസങ്ങള്‍ക്ക് ശേഷം നവംബര്‍ 16നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു. നവംബര്‍ 22ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയോടെ ആറുപേരുടെയും സംസ്‌കാരം നടത്തിയിരുന്നു.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 11 കുക്കി ഗോത്രവിഭാഗക്കാരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ട്ല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ സംസ്‌കാരം നടത്തില്ലെന്നാണു കുക്കി ഗോത്രസംഘടനകള്‍ അറിയിച്ചിട്ടുള്ളത്.
Content Highlight: The autopsy report of the family found murdered in Manipur is out