| Thursday, 14th March 2024, 2:51 pm

കലോത്സവത്തിനിടെയിലെ സംഘര്‍ഷം; കേരള സര്‍വകലാശാല യൂണിയനെ അസാധുവാക്കാന്‍ അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെ തുടന്നുണ്ടായ വിധി കര്‍ത്താവിന്റെ മരണത്തിലും കടുത്ത നടപടികളുമായി കേരള സര്‍വകലാശാല. നിലവിലെ സര്‍വകലാശാല യൂണിയനെ അസാധുവാക്കാനാണ് അധികൃതരുടെ തീരുമാനം.

കാലാവധി പുതുക്കണമെന്ന യൂണിയന്റെ ആവശ്യം സര്‍വകലാശാല വൈസ് ചാന്‍സലര്‍ തള്ളി. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ട്ടര്‍ക്ക് യൂണിയന്റെ ചുമതല നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കലോത്സവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പ്രശ്‌നങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ പൊലീസിന് കത്തയച്ചതായി അറിയിച്ചു. വിധി കര്‍ത്താവിന്റെ മരണം, കോഴ ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് അധികൃതരുടെ ആവശ്യം.

അതേസമയം കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട ഷാജിയുടെ ആത്മഹത്യയില്‍ എസ്.എഫ്.ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐക്കെതിരെ പുതിയ ആരോപണം കൂടെ ഉയര്‍ന്നതോടെ കുട്ടികളെ കോളേജില്‍ വിടാന്‍ രക്ഷിതാക്കള്‍ക്ക് ഭീതി ആണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയെ നിയന്ത്രിക്കാന്‍ സി.പി.ഐ.എം തയ്യാറായില്ലെങ്കില്‍ അവരെ ശരിയാക്കാന്‍ കോണ്‍ഗ്രസ് തന്നെ രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴ ആരോപണം നേരിട്ടതിനെതുടര്‍ന്ന് വിധി കര്‍ത്താവായ ഷാജി(52) ആത്മഹത്യ ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഷാജിയെ കണ്ണൂരിലെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.

ഷാജിയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. താന്‍ നിരപരാധി ആണെന്നും ഇതുവരെ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും സത്യം എന്താണെന്ന് അമ്മക്ക് അറിയാമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാം ദൈവം രക്ഷിക്കട്ടെ എന്നുമാണ് കുറിപ്പില്‍ പറയുന്നത്.

Content Highlight: The authorities have decided to annul the Kerala University Union after the death of the judge

We use cookies to give you the best possible experience. Learn more