ജയ്പൂര്‍: രാജസ്ഥാനില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് ഇറക്കിവിട്ട് അധികൃതര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് സ്‌കൂള്‍ അധികാരികളുടെ നീക്കത്തിനെതിരെ ഉയരുന്നത്.
സംസ്ഥാനത്തെ പിപാര്‍ പട്ടണത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
സ്‌കൂള്‍ പരിസരത്ത് ഹിജാബ് ധരിക്കുന്നത് തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡുകളെ അത് ബാധിക്കുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി ഹേറ്റ് ഡിറ്റക്ടര്‍ എക്സില്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ നേരിട്ട് കാണുകയും അധ്യാപകരുടെ പ്രവൃത്തിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതും മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത് തെറ്റാണെന്നും രക്ഷിതാക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ തങ്ങളുടെ അധ്യാപകര്‍ ‘ചമ്പല്‍ കേ ദാകു’ എന്ന് വിദ്യാര്‍ത്ഥിനികളെ വിളിച്ചതായി ആരോപിക്കുന്നുണ്ട്.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശിച്ച ഡ്രസ് കോഡില്‍ സ്‌കൂളിലേക്ക് വരാന്‍ മാത്രമാണ് വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജഗ്രുക് ജന്റയോട് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സംസ്ഥാന സര്‍ക്കാരിന് നിശ്ചിത ഡ്രസ് കോഡ് ഉണ്ടെന്നും വിദ്യാര്‍ത്ഥികള്‍ നിശ്ചിത ഡ്രസ് കോഡില്‍ മാത്രമേ സ്‌കൂളിലെത്താന്‍ പാടുള്ളുവെന്നും വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ പറഞ്ഞിരുന്നു.
Content Highlight: The authorities expelled the girl students from the school for wearing hijab in Rajasthan