ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയ തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ട ഓസ്‌ട്രേലിയ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് 134 റണ്‍സിനാണ് പരാജയപ്പെട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും കളിച്ച അവസാന നാല് മത്സരത്തിലും ഓസീസ് പരാജയപ്പെട്ടിരുന്നു. ഈ മത്സരങ്ങളിലെല്ലാം തന്നെ സൗത്ത് ആഫ്രിക്കയുടെ വിജയമാര്‍ജിന്‍ നൂറിലധികം റണ്‍സായിരുന്നു എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന വസ്തുത.
ലോകകപ്പിന് മുമ്പില്‍ ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് ആതിഥേയര്‍ കങ്കാരുക്കളെ തകര്‍ത്തുവിട്ടത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-3നായിരുന്നു സൗത്ത് ആഫ്രിക്ക വിജയിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ശേഷമായിരുന്നു ബാവുമയുടെയും സംഘത്തിന്റെയും തിരിച്ചുവരവ്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 123 റണ്‍സിനുമായിരുന്നു ഓസീസ് ആതിഥേയരെ തോല്‍പിച്ചത്. എന്നാല്‍ പരമ്പര ഉറപ്പിക്കാനായി സെന്‍വെസ് പാര്‍ക്കിലെ മൂന്നാം ഏകദിനത്തിനിറങ്ങിയ കങ്കാരുക്കള്‍ക്ക് പിഴച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഏയ്ഡന്‍ മര്‍ക്രമിന്റെ സെഞ്ച്വറിയുടെയും ക്വിന്റണ്‍ ഡി കോക്ക്, തെംബ ബാവുമ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിറങ്ങിയ ഓസീസ് 34.3 ഓവറില്‍ 227ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഫലമോ സൗത്ത് ആഫ്രിക്ക 111 റണ്‍സിന് വിജയമാഘോഷിച്ച് പരമ്പര സജീവമാക്കി.
സൂപ്പര്‍സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന നാലാം ഏകദിനത്തില്‍ ടോസ് ഭാഗ്യം വീണ്ടും തുണച്ചത് ഓസീസിനെ തന്നെയായിരുന്നു. മൂന്നാം ഏകദിനത്തിന് സമാനമായി ഓസീസ് ബൗളിങ് തെരഞ്ഞെടുത്തു.
ഹെന്റിച്ച് ക്ലാസന്‍ സെഞ്ച്വറിയടിച്ച് തിളങ്ങിയ മത്സരത്തില്‍ ഡേവിഡ് മില്ലറും റാസി വാന്‍ ഡെര്‍ ഡസനുമാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂവരുടെയും കരുത്തില്‍ പ്രോട്ടീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 416 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് വീണ്ടും പിഴച്ചു. 34.5 ഓവറില്‍ 252 റണ്‍സിന് പുറത്തായി 164 റണ്‍സിന്റെ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്. 99 റണ്‍സ് നേടിയ അലക്‌സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.
വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തിലും ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുത്തു. ഏയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, മാര്‍കോ യാന്‍സെന്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ പ്രോട്ടീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് നേടി.
നിര്‍ണായകമായ ഈ മത്സരത്തില്‍ 199 റണ്‍സിനാണ് ഓസീസ് ഓള്‍ ഔട്ടായത്. ഇതോടെ സൗത്ത് ആഫ്രിക്ക 122 റണ്‍സിന്റെ വിജയവും ഒപ്പം പരമ്പരയും സ്വന്തമാക്കി.
ഈ പരമ്പരക്ക് ശേഷം ലോകകപ്പിലേറ്റുമുട്ടിയപ്പോഴും മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഡി കോക്കിന്റെ സെഞ്ച്വറിയും മര്‍ക്രമിന്റെ അര്‍ധ സെഞ്ച്വറിയും പ്രോട്ടീസിനെ 311ലെത്തിച്ചപ്പോള്‍ ഓസീസ് 177 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
Content Highlight: The Aussies have lost all their last four matches played against South Africa.