കല്‍പറ്റ: മുട്ടില്‍ മരം മുറിക്കേസില്‍ റോജി അഗസ്റ്റിനുള്‍പ്പടെയുള്ള പ്രതികള്‍ക്ക് പിഴയടക്കാന്‍ നോട്ടീസ് നല്‍കി. കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഒരു മാസത്തിനകം പിഴയടക്കണമെന്നും അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടീസിലുള്ളത്. റോജി അഗസ്റ്റിന്‍ ഉള്‍പ്പടെ 35 പേര്‍ക്കാണ് പിഴയടക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. മരം മുറി നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഭൂ ഉടമകള്‍ക്കും മരം മുറിച്ചവര്‍ക്കും മരങ്ങള്‍ വാങ്ങിയവര്‍ക്കുമെതിരെയാണ് നടപടി.
മുറിച്ചു കടത്തിയ മരങ്ങളുടെ കാലപ്പഴക്കം, ഗുണനിലവാരം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മരത്തിന്റെ വില നിശ്ചയിക്കുന്നത്. റവന്യൂ വകുപ്പും വനം വന്യജീവി വകുപ്പും സംയുക്തമായാണ് വില നിശ്ചയിക്കുന്നത്. ഇത്തരത്തില്‍ നിശ്ചയിക്കുന്ന വിലയുടെ മൂന്നിരട്ടി വരെ പിഴ ചുമത്താമെന്നാണ് കേരള ലാന്റ് കണ്‍സര്‍വേറ്ററി ആക്ടില്‍ പറയുന്നത്. പരമാവധി മൂന്നിരട്ടി തന്നെ പിഴയായിരിക്കും മുട്ടില്‍ മരം മുറിക്കേസിലെ പ്രതികളില്‍ നിന്ന് ചുമത്തുക.
35 കേസുകളിലായി 7 കോടി രൂപയോളം പിഴ ചുമത്തുന്ന നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. റോജി അഗസ്റ്റിനാണ് ഈ കേസിലുള്‍പ്പെട്ട പ്രധാനിയെങ്കിലും കര്‍ഷകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചിട്ടുള്ളത് എന്നതിനാലാണ് കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.
അതേസമയം കര്‍ഷകരുടെ പേരിലുള്ള നടപടികള്‍ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വ്യാജ രേഖകള്‍ തയാറാക്കിയാണ് റോജി അഗസ്റ്റിനുള്‍പ്പടെയുള്ളവര്‍ മരം മുറിച്ചത് എന്ന് ആദിവാസികളുള്‍പ്പെടെയുള്ള ഏഴ് പേര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇവരെ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സി.പി.ഐ.എം പ്രാദേശിക നേതൃത്വം നോട്ടീസ് ലഭിച്ച കര്‍ഷകരെ സന്ദര്‍ശിച്ച് വിവിരങ്ങള്‍ അന്വേഷിച്ചിരുന്നു. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയാലേ ഇത് സാധ്യമാകൂ. അങ്ങനെയങ്കില്‍ മുട്ടില്‍ മരം മുറിക്കേസിലെ പ്രതികള്‍ മാത്രമായിരിക്കും പിഴയടക്കേണ്ടി വരിക.
മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് അഗസ്റ്റിന്‍ സഹോദരന്‍മാരായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ തുടങ്ങിയവര്‍ 104 രാജകീയ വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. 574 വര്‍ഷം വരെ പഴക്കമുള്ള മരങ്ങളും മുറിച്ചുകടത്തിയവയില്‍ പെടുന്നുവെന്ന് കെ.എഫ്.ആര്‍.ഐയിലെ കാല നിര്‍ണയ പരിശോധനയില്‍ വ്യക്തമായിരുന്നു.
content highlights: The Augustinian brothers must pay a fine if they cut down a tree at Muttil; Revenue action started