|

ചലച്ചിത്രോത്സവ വേദിയില്‍ സര്‍ക്കാര്‍ ഇരിക്കുമ്പോള്‍ സദസ് നില്‍പ്പ് സമരത്തിനൊപ്പം നില്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

nilp-samaram-title
ഫോട്ടോ: സതീഷ് കുമാര്‍

തിരുവനന്തപുരം: ആദിവാസികളുടെ നില്‍പ്പ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ കാണികള്‍ നിന്ന് പ്രതിഷേധിക്കും. ഫേസ്ബുക്ക് കൂട്ടായ്മകളാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

“വേദിയില്‍ സര്‍ക്കാര്‍ വേദിയില്‍ സര്‍ക്കാര്‍ ഇരിക്കുമ്പോള്‍; സദസ്സ് നില്‍പ്പിനൊപ്പം” എന്നു പറഞ്ഞുകൊണ്ടാണ് പ്രതിഷേധം ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിവരുന്ന ആദിവാസികളുടെ സമരം ഇപ്പോള്‍ നൂറ്റമ്പതോളം ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സമരം ഒത്തു തീര്‍പ്പാക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫേസ് ബുക്ക് കൂട്ടായമകള്‍ ഇത്തരമൊരു സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്രയും കാലം “ആദിവാസികള്‍ നിന്നുനിന്ന് കാലുപഴുത്ത സെക്രട്ടേറിയറ്റ് പരിസരത്താണ്” സിനിമാ ഉത്സവമെന്നും അതുകൊണ്ട് ഡിസംബര്‍ 12ന് നടക്കുന്ന ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങ് “നിന്ന നില്‍പ്പി”ല്‍ കാണുമെന്നുമാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ആദിവാസികളുടെ നില്‍പ്പ് സമരത്തിന് വിപുമായ പിന്തുണയാണ് ഫേസ്ബുക്കില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് സമൂഹത്തിലെ പ്രമുഖര്‍ തന്നെ സമരത്തോട് ഐക്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആഷിഖ് അബു ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരും സമരസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.

ചലച്ചിത്രോത്സവ വേദികളില്‍ ശക്തമായ പ്രതികരണം നില്‍പ്പ് സമരം ഉയര്‍ത്തും എന്നതിന്റെ സൂചനകളാണ് ഇത്തരം ആഹ്വാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകത്തെ തന്നെ പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയില്‍ നില്‍പ്പ്‌സമര ഐക്യദാര്‍ഢ്യപരപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത് സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധലഭിക്കാന്‍ കാരണമാവും.

ഇതിനോടകം തന്നെ ഫേസ്ബുക്കില്‍ ഐക്യദാര്‍ഢ്യസമരം സ്വീകരിക്കപ്പെട്ടിരിക്കുകയാണ് ഫേസ്ബുക്കിലെ പ്രമുഖര്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ്സുകള്‍ ഇട്ടിട്ടുണ്ട്.

നില്‍പ്പ് സമരം പോലൊന്നിനോട് ആദരവ്/ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാതെ ഇത്തവണ ഫിലിംഫെസ്റ്റിവെല്‍ തുടങ്ങുന്നതെങ്ങനെ എന്നാണ് യുവ കഥാകാരന്‍ ലാസര്‍ ഷൈന്‍ തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ചോദിക്കുന്നത്.

” ആദിമനിവാസികള്‍ അഞ്ചുമാസമായി നില്‍ക്കുന്ന, നിന്നുനിന്ന് കാലുപഴുത്ത മണ്ണിലാണ് ഫിലിമോത്സവം. ഫെസ്റ്റിവെല്ലിലെ ഉദ്ഘാടന ചടങ്ങ് നമുക്ക് നിന്നുകൊണ്ട് കണ്ടാലോ? മുഖ്യമന്ത്രിയടക്കം സര്‍ക്കാര്‍ സന്നിഹിതരാകുന്ന വേദിയില്‍ അത്തരത്തിലൊരു പ്രതികരണമെങ്കിലും വേണ്ട? മുദ്രാവാക്യങ്ങള്‍ വേണ്ട പക്ഷെ പ്ലക്കാര്‍ഡുകളുയര്‍ത്താം. ബാനറുകളുയര്‍ത്താം. ചടങ്ങ് അലങ്കോലമാകാതെ കാലാപരമായി ആ ഉദ്ഘാടനചടങ്ങില്‍ നില്‍പ്പ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതല്ലേ?” തന്റെ സ്റ്റാറ്റസില്‍ ലാസര്‍ വ്യക്തമാക്കുന്നു.

“പട്ടിണി മരണം നടക്കുന്ന ഒരു സമൂഹത്തില്‍ കുറ്റബോധം ഇല്ലാതെ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ വലിയ എന്ത് അശ്ലീലമാണുള്ളത്” എന്നാണ് സന്തോഷ് ടി.എന്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്.

ഇതോടെ ചലച്ചിത്രോത്സവവേദിയില്‍ നില്‍പ്പ് സമരത്തിന് അനുകൂലമായ തരംഗമുണ്ടാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.

Latest Stories