| Saturday, 3rd September 2022, 3:41 pm

ശശികലയുടെ ആഹ്വാനം ഏറ്റെടുത്ത് സംഘപരിവാര്‍ ഭീഷണി തെരുവിലേക്കും | D KERALA

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമം. രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അരുണ്‍, കെ.എസ്. ഉണ്ണി എന്നിവരെയാണ് കൊച്ചി മെട്രോ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുമാരനാശാന്റെ ദുരവസ്ഥയിലെ വരികള്‍ ആലേഖനം ചെയ്ത പോസ്റ്ററാണ് ചിത്രത്തിന് മുകളില്‍ ഇവര്‍ പതിപ്പിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാല്‍ അത് തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുമത വിശ്വാസികളും മലപ്പുറത്തേക്ക് എത്തുമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല രംഗത്തെത്തിയിരുന്നു.

1921ലെ ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സ്മാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്മാറണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ശശികലയുടെ ഭീഷണി.

മലപ്പുറം ജില്ലയില്‍ 26 ശതമാനം മാത്രം വരുന്ന ഹിന്ദുക്കള്‍ ശത്രുക്കളാണോ എന്ന് ശശികല ചോദിച്ചു. ഇതിനു മറുപടി പറയേണ്ടത് പോപ്പുലര്‍ ഫ്രണ്ടുകാരനോ സുഡാപ്പിക്കാരനോ ഐ.എസുകാരനോ അല്ലാ പാണക്കാട് തങ്ങളടക്കമുള്ള മതനേതൃത്വമാണെന്നും ശശികല പറഞ്ഞു.

‘ഈ 26 ശതമാനം ഹിന്ദുക്കളെ ഭയപ്പെടുത്തി വേണോ നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍? ഹിന്ദുവിന്റെ തലവെട്ടിയരിഞ്ഞ, അവന്റെ അമ്മ പെങ്ങന്‍മാരുടെ മാനം പിച്ചിച്ചീന്തിയ ഒരു സാമദ്രോഹിയുടെ സ്മാരകം ഈ 26 ശതമാനം വരുന്ന ഹിന്ദുക്കളുടെ മുന്നിലൂടെ പണിതുയര്‍ത്തുന്നതോടെ എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.

ഞങ്ങളുടെ കീഴില്‍ അടിമകളാണോ എന്ന സന്ദേശമാണോ പകര്‍ന്നു കൊടുക്കുന്നത്. എന്തിനു വേണ്ടിയും അഭിപ്രായം പറയാത്ത മതനേതൃത്വം മിണ്ടാത്തത് എന്തേ? ഇവിടുത്തെ ഹൈന്ദവസമൂഹത്തെ വേദനിപ്പിക്കണമെന്ന് പാണക്കാട് തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് മതേതരത്വത്തിന്റെ അപ്പോസ്തലനായും സമാധാനത്തിന്റെ മാലാഖയായും മലപ്പുറത്ത് മാത്രമല്ല, ഇന്ത്യ മുഴുവന്‍ പാടിപ്പുകഴ്ത്തപ്പെടുന്ന പാണക്കാട് തങ്ങള്‍ മൗനം വെടിഞ്ഞ് മറുപടി പറയണം,’ ശശികല ആവശ്യപ്പെട്ടു.

അതേസമയം, വാരിയംകുന്നനെയും ആലി മുസ്‌ലിയാരെയും തിരസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ലന്ന് പറഞ്ഞുകൊണ്ട് ശശികലയുടെ വിവാദ പ്രസ്താവനക്കെതിരെ സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു. നാടിന്റെ സമാധാനാന്തരീക്ഷവും മതസൗഹാര്‍ദം തകര്‍ക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനുമാണ് മലബാര്‍ കലാപത്തെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.

മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് നാടിന്റെ പലഭാഗത്തും സ്മാരകങ്ങള്‍ ഉണ്ട്. എന്നാല്‍ മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ പേരിലുള്ള സമരം കരുതികൂട്ടിയുള്ളതാണെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

സാമ്രാജ്യത്തെ വിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമാണ് മലബാര്‍ കലാപം. അനുസ്മരിക്കപ്പെടേണ്ട രക്തസാക്ഷികളുടെ പട്ടികയിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും, ആലി മുസ്ലിയാരുടെയും സ്ഥാനം.

പൂക്കോട്ടൂരിലെ പോരാളികള്‍ രക്തസാക്ഷിത്വം വരിച്ചത് നാടിന് വേണ്ടിയാണ്. ഇതൊന്നും തിരസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ല. മലപ്പുറം ടൗണ്‍ ഹാള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മരണയിലാണ്. തിരൂരിലെ ടൗണ്‍ഹാള്‍ മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന അതിക്രൂരമായ വാഗന്‍ കൂട്ടക്കൊലയുടെ സ്മാരകമാണ്.

പന്തല്ലൂരില്‍ ആലി മുസ്‌ലിയാരുടെ സ്മരണയില്‍ മുനിസിപ്പല്‍ ലൈബ്രറിയും ഉണ്ട്. ഇത് ഉള്‍പ്പെടെയുള്ള നിരവധി സ്മാരകങ്ങള്‍ ജില്ലയിലുണ്ട്. ഇതൊക്കെയുണ്ടായിട്ടും നാടിന്റെ ഐക്യവും സൗഹൃദവും തകര്‍ക്കാനാണ് ഹിന്ദു ഐക്യവേദിയുടെ ഇപ്പോഴത്തെ ശ്രമം. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഉള്ള സംഘപരിവാര്‍ നീക്കത്തെ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlight: The attempt to stick posters over Variyamkunnath Kunhahammed Haji picture in Kochi Metro; Two Yuvamorcha members in police custody | Video

ഡൂള്‍ന്യൂസ് ഡെസ്‌ക്