ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്‌ലിം യുവാവിനെ തെരുവിലിട്ട് ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഋഷികേശ് ജില്ലയിലാണ് സംഭവം. ഹിന്ദു പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് അക്രമികള്‍ യുവാവിനെ മര്‍ദിച്ചത്.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ സാഹില്‍ എന്ന യുവാവിനെ അക്രമികള്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി തെരുവിലൂടെ നടത്തിക്കുന്നതായി കാണാം.
ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ആള്‍കൂട്ടം യുവാവിനെ മര്‍ദിക്കുന്നത്. യുവാവിനെ അക്രമികള്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് തീവ്ര ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്.
സാഹില്‍ ജില്ലയിലെ ഒരു സലൂണ്‍ തൊഴിലാളിയാണ്. സലൂണില്‍ നിന്ന് വലിച്ചിറക്കിയാണ് യുവാവിനെ ആള്‍കൂട്ടം തെരുവിലൂടെ നടത്തിച്ചത്. തുടര്‍ന്ന് മുസ്‌ലിം യുവാവിനെ അക്രമികള്‍ സ്റ്റേഷനിലെത്തിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മുന്‍വിധികളാലാണ് ആള്‍കൂട്ടം യുവാവിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 29ന് ലൗ ജിഹാദ് ആരോപിച്ച് ഉത്തരാഖണ്ഡില്‍ ഒരു മുസ്‌ലിം യുവാവിനെ വലതുപക്ഷ സംഘടനകള്‍ ആക്രമിച്ചിരുന്നു. ഹിന്ദു പെണ്‍കുട്ടിയുമായി ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരിലാണ് ഹിന്ദുത്വവാദികള്‍ യുവാവിനെ ആക്രമിച്ചത്. സല്‍മാന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.
എന്നാല്‍ ഇരുവരും പൂര്‍ണസമ്മതത്തോടെയാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ പ്രകോപിതരായ ഹിന്ദുത്വവാദികള്‍ പ്രദേശത്തുള്ള മുസ്‌ലിം ഉടമസ്ഥയിലുള്ള കടകള്‍ അടച്ചുപൂട്ടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു.
സെപ്റ്റംബറില്‍ ഗോമാംസം കൈയില്‍ വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്‍ദിച്ചതിനും ശേഷം കുളത്തിലേക്കെറിഞ്ഞെന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസീം മര്‍ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമായിരുന്നു പൊലീസ് വാദം.
തുടര്‍ന്ന് പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്‍ നിന്ന് എടുക്കുമ്പോള്‍ പല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കുകയായിരുന്നു.
Content Highlight: The attackers dragged the Muslim man on the street in uttarakhand