ഖത്തർ ലോകകപ്പിലെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഗ്രൂപ്പ് ബി ചാമ്പ്യൻമാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് ഡി ചാമ്പ്യൻമാരായ ഫ്രാൻസും തമ്മിലാണ് ഏറ്റു മുട്ടുക. വിജയികൾക്ക് സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കാം.
എന്നാൽ നിർണായകമായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുമ്പ് ഇംഗ്ലീഷ് ടീമിന് തിരിച്ചടിയായിരിക്കുകയാണ് അറ്റാക്കിങ്ങ് മിഡ്‌ഫീൽഡറായ ചെൽസി താരം റഹീം സ്റ്റെർലിങ്ങിന്റെ നാട്ടിലേക്കുള്ള മടക്കം. സെനഗലുമായുള്ള മത്സരത്തിന് ശേഷമുള്ള താരത്തിന്റെ മടങ്ങിപ്പോക്കിന് “ഫാമിലി മാറ്റേഴ്സ്” എന്ന് മാത്രമാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കാരണം പറഞ്ഞിരുന്നത്.
എന്നാൽ ആയുധധാരി കളായ കുറച്ച് അക്രമികൾ റഹീമിന്റെ വീട് ആക്രമിച്ചു നശിപ്പിച്ചുവെന്നും അതിനെ തുടർന്നാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നുമാണ് പല ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാൻസിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യവും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനോ ഇംഗ്ലീഷ് കോച്ച് ഗാരത്ത് സൗത്ത് ഗേറ്റോ ഉറപ്പിച്ചിട്ടില്ല.
“ഇപ്പോൾ അദ്ദേഹത്തിനെ കുടുംബത്തിന് ഏറ്റവുമധികം ആവശ്യമുള്ള സമയമാണ്. അതുകൊണ്ട് തന്നെ ആവശ്യമുള്ള സമയം എടുക്കാനും എപ്പോൾ മടങ്ങിവരണമെന്ന് തീരുമാനിക്കാനും ഉള്ള അവകാശം അദ്ദേഹത്തിനുണ്ട്,’ സൗത്ത് ഗേറ്റ് പറഞ്ഞു.
കൂടാതെ ചില സമയങ്ങളിൽ ഫുട്ബോളിനേക്കാൾ പ്രാധാന്യം കുടുംബത്തിന് നൽകേണ്ടി വരുമെന്നും അതുകൊണ്ട് മടങ്ങിവരാൻ സ്റ്റെർലിങ്ങിന് മേൽ സമ്മർദ്ദം ചെലുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത്ഗേറ്റ് ഇംഗ്ലീഷ് ക്യാപ്റ്റനായ ആറ് വർഷത്തെ സമയത്തിനിടയിൽ റഹീം സ്റ്റെർലിങ് ഇംഗ്ലീഷ് ടീമിന്റെ കീ പ്ലെയറായി മാറിയിരുന്നു. 27കാരനായ താരം ഇംഗ്ലീഷ് ടീമിന് വേണ്ടി 81 കളികളിൽ 20 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. കൂടാതെ പ്രീമിയർ ലീഗ് ക്ലബ്ബ് ചെൽസിയുടെയും മുന്നേറ്റ നിരയെ നയിക്കുന്ന പ്രധാനപ്പെട്ട താരമാണ് റഹീം.
ഇറാനെതിരെയുള്ള ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലും റഹീം ഗോൾ നേടിയിരുന്നു. റഹീം മടങ്ങിയെത്തിയില്ലെങ്കിൽ മാർകസ് റാഷ്ഫോർഡ്, ബുക്കായോ സാക്കാ, ഫിൽ ഫോഡൻ എന്നിവരാകും ഇംഗ്ലണ്ടിന്റെ മുന്നേറ്റ നിരയെ നയിക്കുക. മികച്ച ഫോമിലുള്ള ഇരു താരങ്ങളും റഹീമിന്റെ കുറവ് ഇംഗ്ലീഷ് സ്‌ക്വാഡിൽ നികത്തും.
ഫുട്ബോൾ താരങ്ങളുടെ വീട് ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഇംഗ്ലണ്ടിൽ സർവ സാധാരണമാണ്. ആഷ്ലി കോൾ, താഹിത് ചോങ്, പോൾ പോഗ്ബ, വിക്ടർ ലിൻഡോഫ്, ജെസ്സി ലിംങ്ങാർഡ്, ജോവോ കാൻസലോ മുതലായ നിരവധി താരങ്ങളുടെ വസതികൾ ഇതിന് മുമ്പ് ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഡിസംബർ 11ന് ഇന്ത്യൻ സമയം രാത്രി 12:30ന് അൽ ബൈത് സ്റ്റേഡിയത്തിൽ വെച്ചാണ് ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടുന്നത്.
Content Highlights:The attackers broke into the house English footballer Raheem Sterling has returned home