വി. മുരളീധരന്റെ വീട് ആക്രമിച്ചയാള്‍ പിടിയില്‍; പ്രതി മാനസിക പ്രശ്‌നമുള്ളയാളെന്ന് പൊലീസ്
Kerala News
വി. മുരളീധരന്റെ വീട് ആക്രമിച്ചയാള്‍ പിടിയില്‍; പ്രതി മാനസിക പ്രശ്‌നമുള്ളയാളെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th February 2023, 8:02 am

തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേര്‍ക്ക്
ആക്രമണം നടത്തിയയാള്‍ പിടിയില്‍. പയ്യന്നൂര്‍ സ്വദേശിയാണ് പിടിയിലായതെന്നും പ്രതി മാനസികവെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതി പിടിയിലാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്‌റ്റേഷനിലെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടുന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനായി ജോലി നോക്കുന്നയാളാണിയാളെന്നും പൊലീസ് പറഞ്ഞു. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതുകൊണ്ട് തന്നെ ജോലി സ്ഥിരമായിരുന്നില്ല. ഏതാനു ദിവസങ്ങളായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരിന്നു ഇയാളുടെ താമസമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീടിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.

ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി.മുരളീധരന്റെ ഓഫീസ്. രാവിലെ വീട് ആക്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി. മുരളീധരന്റെ സഹായിയെ വിവരം അറിയിക്കുകയായിരുന്നു.