കൊട്ടാരക്കര: ഗോസംരക്ഷണത്തിന്റെ പേരില്‍ കൊട്ടാരക്കരയില്‍ ഇറച്ചിവ്യാപാരികളെ ആക്രമിച്ചത് ആര്‍.എസ്.എസ് ആണോയെന്ന ചോദ്യത്തിന് പൊലീസിന്റെ പരിഹാസം.
“അക്രമികളുടെ രാഷ്ട്രീയം ഒന്നും തങ്ങള്‍ക്കറിയില്ല അതൊക്കെ ജനങ്ങള്‍ ഉണ്ടാക്കുന്നതാണ്. ജനങ്ങള്‍ക്ക് വേറെ ജോലിയൊന്നും ഇല്ലല്ലോ,” കൊട്ടാരക്കര പൊലീസ് ഉദ്യോഗസ്ഥന്‍ ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു. “അറസ്റ്റിലായ യുവാക്കള്‍ അനീതി കണ്ടാല്‍ പ്രതികരിക്കുന്നവരാണ്, അവര്‍ പ്രതികരിച്ചപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും സംഘര്‍ഷം ആയി. അത്രയേ ഉള്ളു സംഭവം” എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഉത്തരേന്ത്യന്‍ മാതൃകയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ അക്രമണം ഉണ്ടായത്. ഇറച്ചി വ്യാപാരിയായ മുസ്‌ലീം സ്ട്രീറ്റ് മുസലിയാര്‍ മന്‍സിലില്‍ ജലാലുദീന്‍, ഡ്രൈവര്‍ നെടുമ്പന
സ്വദേശി സാബു, ജലാലുദീന്റെ ബന്ധുവായ ജലീല്‍ എന്നിവരെയാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ ഒരു സംഘം ആക്രമിച്ചത്.
സംഭവത്തില്‍ പുത്തൂര്‍ സതീഷ് നിലയത്തില്‍ വിഷ്ണു, ആനന്ദ ഭവനത്തില്‍ ഗോകുല്‍ ജി പിള്ള എന്നിവര്‍ സംഭവത്തില്‍ അറസ്റ്റിലായി. ഇവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വ്യാഴാഴ്ച പകല്‍ 11.30നായിരുന്നു സംഭവം അരങ്ങേറിയത്. കമ്പിവടിയും, മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പൊലീസ് സംഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെ “”ഒരു മിനി ലോറിയ്ക്കകത്ത് മാടിനെ അറക്കാന്‍ കൊണ്ട് പോവുകയായിരുന്നു. അതില്‍ ഒരു മാടിന്റെ കഴുത്തില്‍ കയര്‍ മുറുകി നില്‍ക്കുന്നത് കണ്ട് പിറകെ വന്ന രണ്ട് പയ്യന്‍ മാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇവര്‍ മൃഗസ്‌നേഹികളാണ്. അവര്‍ക്ക് മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് ഇഷ്ടമല്ല. അവര്‍ പ്രതികരിച്ചു, അതിനെ സുരക്ഷിതമായി കൊണ്ടുപോവണം എന്ന് ഇവരാവശ്യപ്പെട്ടു, തുടര്‍ന്ന് സംഘര്‍ഷമായി”” ഇതാണ് ഗോരക്ഷയുടെ പേരില്‍ നടന്ന അക്രമണത്തെപ്പറ്റി കൊട്ടാരക്കര പൊലീസിന് പറയാനുള്ളത്.
രണ്ട് കൂട്ടരുടേയും പേരില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.