റായ്പൂര്‍: ആക്രമണം കൊണ്ട് തന്റെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് സോണി സോറി. ഇപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായിരിക്കുകയാണ്. മുഖത്തെ മുറിവ് ഉണങ്ങിയാല്‍ പ്രവര്‍ത്തന മേഖലയില്‍ തിരിച്ചെത്തുമെന്നും സോണി സോറി പറഞ്ഞു. ആസിഡ് ആക്രമണത്തിനിരയായ സോണി സോറി ഇപ്പോള്‍ ദണ്ഡേവാഡ സരിതാ വിഹാറിലുള്ള അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 11 മണിയോടെ ജഗദല്‍പൂരില്‍ നിന്ന് ഗീതമിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് സോണി സോറി ആക്രമിക്കപ്പെട്ടത്.ബൈക്കിലെത്തിയ മൂന്നംഗ ആക്രമി സംഘം സോണി സോറിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സോണി സോറിയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റം വന്നിട്ടില്ല.
ആം ആദ്മി നേതാവായ സോണി സോറി ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011ല്‍ സോണി സോറിയെ ഛത്തീസ്ഗഢ് പോലീസ് അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം ജയിലില്‍ കിടന്ന സോണി സോറിയെ സുപ്രീംകോടതിയാണ് മോചിപ്പിച്ചത്.