ഭോപ്പാല്‍: മധ്യപ്രദേശിലെ 24 നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാവില്ല. ഗ്വാളിയോര്‍-ചമ്പല്‍, ബുന്ദേല്‍ഖണ്ഡ്, മാല്‍വ-നിമാര്‍ എന്നീ മേഖലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ത്രികോണ മത്സരമായി മാറിയേക്കും.
മായാവതി നയിക്കുന്ന ബി.എസ്.പി സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ തീരുമാനമെടുത്തതോടെയാണിത്. ആരെയും പിന്തുണക്കാതെ എല്ലാ സീറ്റുകളിലും മത്സരിക്കാനാണ് മായാവതിയുടെ തീരുമാനമെന്ന് സംസ്ഥാന ബി.എസ്.പി അദ്ധ്യക്ഷന്‍ രമാകാന്ത് പിപ്പാല്‍ പറഞ്ഞു.
2018ലും ആരോടും സഖ്യത്തിലെത്താതെയാണ് ബി.എസ്.പി സംസ്ഥാനത്ത് മത്സരിച്ചത്. രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. ജയിച്ച രണ്ട് എം.എല്‍.എമാരില്‍ ഒരാളായ രാംഭായി താക്കൂറിനെ പൗരത്വ നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളില്‍ 16 എണ്ണം ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ്. ഇവിടെ ബി.എസ്.പിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇവിടങ്ങളിലെ ദളിത് വോട്ടര്‍മാര്‍ കൂടുതല്‍ പേരും ബി.എസ്.പിയോടൊപ്പമാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും തെരഞ്ഞെടുപ്പിനൊരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളില്‍ 23 എണ്ണവും കോണ്‍ഗ്രസിനോടൊപ്പം ഉണ്ടായിരുന്നതാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക