| Sunday, 20th June 2021, 8:32 am

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലി അടക്കമുള്ള പദ്ധതികളില്‍ നിന്ന് ഒഴിവാക്കി അസം സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ജോലി അടക്കമുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളില്‍ നിന്നും ഒഴിവാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വായ്പ എഴുതിത്തള്ളലും പുതിയ ജനസംഖ്യാ നയത്തെ ആസ്പദമാക്കിയാകുമെന്ന് ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.

പുതിയ നിയമപ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ അംഗങ്ങളാവാന്‍ കഴിയില്ല. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാവാനും കഴിയില്ല. സമീപഭാവിയില്‍ത്തന്നെ ജനസംഖ്യാ-വനിതാ ശാക്തീകരണ നയം സര്‍ക്കാര്‍ നടപ്പില്‍ വരുത്തുമെന്നും ബിശ്വ ശര്‍മ്മ അറിയിച്ചു.

അതേസമയം, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ തേയിലത്തോട്ട തൊഴിലാളികള്‍ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയില്‍നിന്ന് ഒഴിവാക്കും. ഈ വര്‍ഷം ജനുവരി ഒന്നിനാണ് നയം പ്രാബല്യത്തില്‍ വന്നത്.

‘സര്‍ക്കാര്‍ പദ്ധതികള്‍ക്കായി അസമില്‍ ജനസംഖ്യാ മാനദണ്ഡങ്ങള്‍ നടപ്പാക്കും. സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ പ്രവേശനം നേടല്‍, അല്ലെങ്കില്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള ക്ഷേമ പദ്ധതികള്‍ തുടങ്ങി രണ്ട് കുട്ടികള്‍ മാനദണ്ഡം ഞങ്ങള്‍ക്ക് നടപ്പാക്കാന്‍ കഴിയാത്ത ചില പദ്ധതികളുണ്ട്, ഇത്തരം ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കും,’ ഹിമന്ത ബിശ്വ ശര്‍മ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുടുംബത്തിന്റെ ജനസംഖ്യ പരിമിതപ്പെടുത്തണമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി അസമിലെ കുടിയേറ്റ മുസ്‌ലിങ്ങളാട് അഭ്യര്‍ഥിച്ചിരുന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജനസംഖ്യാനയത്തെ ആസ്പദമാക്കി നടപടികള്‍ ആരംഭിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ ഒരുങ്ങുന്നത്.

കഴിഞ്ഞ മേയ് 10നാണ് ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. അസം ഗണ പരിഷത്തും യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് ബി.ജെ.പിയുടെ സഖ്യകക്ഷികള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The Assam government has exempted those with more than two children from schemes including government employment

We use cookies to give you the best possible experience. Learn more