കാലടിയിൽ പച്ചക്കറി കടയിലെ മാനേജറെ കുത്തിവീഴ്ത്തി അക്രമികള്‍ 20 ലക്ഷം കവര്‍ന്നു
Kerala News
കാലടിയിൽ പച്ചക്കറി കടയിലെ മാനേജറെ കുത്തിവീഴ്ത്തി അക്രമികള്‍ 20 ലക്ഷം കവര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th December 2024, 7:18 pm

കൊച്ചി: എറണാകുളം കാലടിയില്‍ വന്‍കവര്‍ച്ച. സ്‌കൂട്ടറില്‍ വരികയായിരുന്ന പച്ചക്കറി കടയുടെ മാനേജറെ കുത്തിവീഴ്ത്തി അക്രമികള്‍ 20 ലക്ഷം രൂപ കവര്‍ന്നു.

വി.കെ.ഡി എന്ന പച്ചക്കറി കടയിലെ ജീവനക്കാരനായ തങ്കച്ചനാണ് ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. കാലടി ചെങ്ങലിലാണ് സംഭവം നടന്നത്.

കവര്‍ച്ച നടത്തിയത് രണ്ട് യുവാക്കളാണെന്ന് സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ ജീവനക്കാരനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ലോറോഫോം മണപ്പിച്ച ശേഷം ജീവനക്കാരനെ യുവാക്കള്‍ ആക്രമിക്കുകയും കവര്‍ച്ച നടത്തിയെന്നുമാണ് പ്രാഥമിക നിഗമനം.

കടയുടമയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് തങ്കച്ചന്‍ ആക്രമണം നേരിട്ടത്. ജീവനക്കാരന് മൂന്ന് തവണ കുത്തേറ്റിട്ടുണ്ട്.

ജീവനക്കാരനെ ആക്രമിച്ചതിന് ശേഷം വാഹനത്തിന്റെ സീറ്റിനടിയില്‍ വെച്ചിരുന്ന പണമെടുത്ത് യുവാക്കള്‍ സ്ഥലം വിടുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിക്കുന്നുണ്ട്. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

Content Highlight: The assailants stabbed the manager of the vegetable shop and robbed 20 lakhs