മുഴുവന്‍ കളിക്കാര്‍ക്കും പിഴ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് വെട്ടിക്കുറച്ചു; പണികിട്ടി ഓസീസും ഇംഗ്ലണ്ടും
Cricket news
മുഴുവന്‍ കളിക്കാര്‍ക്കും പിഴ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് വെട്ടിക്കുറച്ചു; പണികിട്ടി ഓസീസും ഇംഗ്ലണ്ടും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st June 2023, 6:18 pm

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ആവേശകരമായ വിജയം കുറിക്കാനായിരുന്നു.
അവസാന ദിനം ഒരു ട്വന്റി20 മത്സരത്തിലെ പ്രതീതിയുളവാക്കിയ മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ
ത്രസിപ്പിക്കുന്ന ജയം നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 281 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 92.3 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു.

മത്സരത്തിന്റെ ആവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇരു ടീമുകള്‍ക്കും കനത്ത പിഴ ചുമത്തിയിരിക്കുകയാണിപ്പോള്‍ ഐ.സി.സി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ.

 

ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും മുഴുവന്‍ കളിക്കാരും മാച്ച് ഫീയുടെ 40 ശതമാനം പിഴ അടക്കണം. ഇതുകൂടാതെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളുടെയും രണ്ട് പോയിന്റ് വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.
ഐ.സി.സി മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണ് പിഴ വിധിച്ചത്.

നിശ്ചയിച്ച സമയം ഉണ്ടായിട്ടും ഇരു ടീമുകളും രണ്ട് ഓവര്‍ കുറച്ചാണ് എറിഞ്ഞത്. മത്സരം പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി മാച്ച് റഫറി വിധിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിന്റെയും ഓസീസിന്റെയും നായകന്മാര്‍ പിഴശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കലില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഓസീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയും നേടിയ ഉസ്മാന്‍ ഖവാജയാണ് മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ച്. സ്‌കോര്‍: ആദ്യ ഇന്നിങ്‌സ്- ഇംഗ്ലണ്ട് 8ന് 393 ഡിക്ലയേഡ്, രണ്ടാം ഇന്നിങ്‌സ്-273നു പുറത്ത്. ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ്- 386നു പുറത്ത്, രണ്ടാം ഇന്നിങ്‌സ്-8ന് 282. ലോര്‍ഡ്‌സില്‍ ജൂണ്‍ 28 മുതലാണ് രണ്ടാം ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

Content Highlight:  The Ashes, ICC’s punishment for England, Australia