ചാമ്പ്യൻമാരെ തകർക്കുന്നത് ഹോബിയാക്കിയ അർജന്റൈൻ ടീം
2022 FIFA World Cup
ചാമ്പ്യൻമാരെ തകർക്കുന്നത് ഹോബിയാക്കിയ അർജന്റൈൻ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th December 2022, 9:13 am

ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് അർജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കി.

ഞായറാഴ്ച നടന്ന മത്സരത്തിൽ മുൻലോകചാമ്പ്യൻമാരായ ഫ്രാൻസിനെ പെനാൽട്ടി ഷൂട്ട്ഔട്ടിൽ മറികടന്നാണ് അർജന്റീന ലോകകപ്പിൽ മുത്തമിട്ടത്.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.
ഷൂട്ട്‌ഔട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

ഇതോടെ മൂന്ന് ലോകകപ്പ് കിരീടങ്ങൾ അർജന്റൈൻ ടീം സ്വന്തമാക്കി. ഇതിന് മുമ്പ് 1978ലും 1986ലുമാണ് ഇതിന് മുമ്പ് അർജന്റീന ലോകകപ്പിൽ മുത്തമിട്ടത്.

ഖത്തറിൽ നിന്നും ലോകകപ്പ് ഉയർത്താൻ സാധിച്ചതോടെ സാക്ഷാൽ ലയണൽ മെസിക്ക് തന്റെ കരിയറിൽ പ്രധാനപെട്ട രാജ്യാന്തര, ക്ലബ്ബ് മേജർ കിരീടങ്ങളെല്ലാം സ്വന്തമാക്കാനായി.

അതേസമയം ഒരു നീണ്ടകാലയളവിലെ കിരീട വരൾച്ചക്ക് ശേഷം തുടർച്ചയായി കോപ്പഅമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മുതലായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അർജന്റീന രാജകീയമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.

1993ൽ മെക്സിക്കോയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷം നീണ്ട 28 വർഷങ്ങൾക്ക് ശേഷം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിനെ അവരുടെ നാട്ടിൽവെച്ച് തോൽപ്പിച്ചാണ് അർജന്റീന കോപ്പ അമേരിക്കൻ ട്രോഫിയിൽ മുത്തമിടുന്നത്. മെസിയുടെ കരിയറിലെ തന്നെ ആദ്യ കോപ്പ അമേരിക്ക കിരീട നേട്ടമായിരുന്നു അത്.

പിന്നീട് യൂറോകപ്പ്‌-കോപ്പ അമേരിക്ക ചാമ്പ്യൻമാർ തമ്മിൽ ഏറ്റുമുട്ടുന്ന ഫൈനലിസിമയിൽ നിലവിലെ യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ തകർത്ത് അർജന്റീന ഫൈനലിസിമ കപ്പിലും മുത്തമിട്ടു. ലോക ഫുട്ബോളിന്റെ തറവാട് എന്ന് അറിയപ്പെടുന്ന വെബ്ലി സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റൈൻ ടീം ഫൈനലിസിമ ട്രോഫി സ്വന്തമാക്കിയത്.

ഇപ്പോൾ ഖത്തറിൽ നിന്നും ലോകകിരീടവും സ്വന്തമാക്കി നാട്ടിലേക്ക് തിരികേ പറക്കുമ്പോഴും മുൻ ലോകചാമ്പ്യൻമാരെ തകർത്ത് കൊണ്ട് തന്നെയാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടിരിക്കുന്നത്.

2018ലെ റഷ്യൻ ലോകകപ്പിലെ കിരീട ജേതാക്കളായ ഫ്രാൻസിനെ തകർത്താണ് അർജന്റീന 2022ൽ ഖത്തറിൽ നിന്നും കിരീടമുറപ്പിച്ചിരിക്കുന്നത്. ഇതോടെ 36 വർഷങ്ങൾക്ക് ശേഷം 1986ൽ മറഡോണ ക്ക്ശേഷം മെസിയുടെ ചിറകിലേറി അർജന്റൈൻ ടീം ലോകകിരീടം ബ്യൂണസ് ഐറിസിൽ എത്തിച്ചിരിക്കുകയാണ്.

ലോകകപ്പ് വിജയിക്കാൻ സാധിച്ചതോടെ നീണ്ട 20 വർഷങ്ങൾക്ക് ശേഷം ലോകകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ൽ ലാറ്റിനമേരിക്കയിൽ കിരീടമെത്തിച്ചത്.

Content Highlights:The Argentine team made it a hobby to destroy the champions