ഖത്തര്‍ വേള്‍ഡ് കപ്പ് ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തി, അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുമ്പോള്‍ കൗതുകകരമായ ഒരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നത്. മറ്റൊന്നുമല്ല, ചാമ്പ്യന്മാരെ തകര്‍ത്ത് കിരീടം കൈക്കലാക്കല്‍ അര്‍ജന്റീനക്ക് ഒരു ഹോബിയായി മാറിയിരിക്കുകയാണ്.
ഒരു നീണ്ടകാലയളവിലെ കിരീട വരള്‍ച്ചക്ക് ശേഷം തുടര്‍ച്ചയായി കോപ്പഅമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മുതലായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ അര്‍ജന്റീന രാജകീയമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.
1993ല്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം സ്വന്തമാക്കിയ അര്‍ജന്റീന നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ ചാമ്പ്യന്‍മാരായ ബ്രസീലിനെ അവരുടെ നാട്ടില്‍വെച്ച് തോല്‍പ്പിച്ചാണ് കോപ്പ അമേരിക്ക സ്വന്തമാക്കുന്നത്. മെസിയുടെ കരിയറിലെ തന്നെ ആദ്യ കോപ്പ അമേരിക്ക കിരീട നേട്ടമായിരുന്നു അത്.
പിന്നീട് യൂറോകപ്പ്-കോപ്പ അമേരിക്ക ചാമ്പ്യന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ഫൈനലിസിമയില്‍ മുന്‍ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന, ഫൈനലിസിമ കപ്പിലും മുത്തമിട്ടു. ലോക ഫുട്‌ബോളിന്റെ തറവാട് എന്ന് അറിയപ്പെടുന്ന വെബ്ലി സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റൈന്‍ ടീം ഫൈനലിസിമ ട്രോഫി സ്വന്തമാക്കിയത്.
ഇപ്പോള്‍ ഖത്തറില്‍ നിന്നും ലോകകിരീടവും സ്വന്തമാക്കി നാട്ടിലേക്ക് തിരികേ പറക്കുമ്പോഴും മുന്‍ ലോകചാമ്പ്യന്‍മാരെ തകര്‍ത്ത് കൊണ്ട് തന്നെയാണ് അര്‍ജന്റീന ലോകകിരീടത്തില്‍ മുത്തമിട്ടിരിക്കുന്നത്.
2018ലെ റഷ്യന്‍ ലോകകപ്പിലെ കിരീട ജേതാക്കളായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന 2022ല്‍ ഖത്തറില്‍ നിന്നും കിരീടമുറപ്പിച്ചിരിക്കുന്നത്. ഇതോടെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം 1986ല്‍ മറഡോണക്ക്‌ശേഷം മെസിയുടെ ചിറകിലേറി അര്‍ജന്റൈന്‍ ടീം ലോകകിരീടം ബ്യൂണസ് ഐറിസില്‍ എത്തിച്ചിരിക്കുകയാണ്.
ലോകകപ്പ് വിജയിക്കാന്‍ സാധിച്ചതോടെ നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വകിരീടം ലാറ്റിനമേരിക്കയിലേക്ക് എത്തിയിരിക്കുകയാണ്. അവസാനമായി ബ്രസീലാണ് 2002ല്‍ ലാറ്റിനമേരിക്കയില്‍ കിരീടമെത്തിച്ചത്.
അതേസമയം, ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന-ഫ്രാന്‍സ് അന്തിമ പോരാട്ടത്തില്‍ നിശ്ചിതസമയത്തും, അധികസമയത്തും സ്‌കോര്‍ 2-2 എന്ന നിലയിലായിരുന്നു. ഷൂട്ട്ഔട്ടില്‍ 4-2 എന്ന സ്‌കോറിനാണ് അര്‍ജന്റീന കരുത്തന്മാരായ ഫ്രഞ്ച് പടയെ കീഴ്‌പ്പെടുത്തുന്നത്.
ഇതോടെ മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റൈന്‍ പട. ഇതിന് മുമ്പ് 1978ലും 1986ലുമാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്.
ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്താന്‍ സാധിച്ചതോടെ മെസിക്ക് തന്റെ കരിയറിലെ പ്രധാനപെട്ട രാജ്യാന്തര, ക്ലബ്ബ് മേജര്‍ കിരീടങ്ങളെല്ലാം സ്വന്തമാക്കാനായി. ലോകകപ്പ് നേട്ടത്തോടെ മെസിയുടെ കരിയറില്‍ ഇനി നേടാന്‍ പ്രധാന കിരീടങ്ങളൊന്നുമില്ല.
Content Highlights: The Argentine team made it a hobby to destroy the champions