|

ആര്‍ട്ടിക് മഞ്ഞില്ലാത്ത പ്രദേശമായി മാറാന്‍ സാധ്യതയെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

antartica glac

കേംബ്രിഡ്ജ്‌:ആഗോള താപനത്തിന്റെ ഫലമായി ഉത്തരധ്രുവത്തിലെ ആര്‍ട്ടിക്ക് സമുദ്രത്തിലെ മഞ്ഞ് അതിവേഗം ഉരുകി ഇല്ലാതാകുന്നുവെന്ന് പഠനഫലം. ഒരു ലക്ഷം വര്‍ഷത്തിനിടെ ഇതാദ്യമായി ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ആര്‍ട്ടിക്ക് മഞ്ഞില്ലാത്ത പ്രദേശമായി മാറാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ പീറ്റര്‍ വാഥംസ് പറയുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പോളാര്‍ ഓഷന്‍ ഫിസിക്‌സ് ഗ്രൂപ്പിന്റെ തലവനാണ് വാഥംസ്.

1.2 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആര്‍ട്ടിക്കിലെ മഞ്ഞ് പൂര്‍ണമായും ഉരുകിയതെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം സെപ്തംബറിലോ അടുത്ത വര്‍ഷമോ ആര്‍ട്ടിക്ക് മഞ്ഞുരഹിതമാകുമെന്നാണ് പ്രവചനം. 10 ലക്ഷം സ്‌ക്വയര്‍ കിലോമീറ്ററോളം മഞ്ഞുരുകും. ഇതോടെ പ്രദേശത്തെ പോളാര്‍ കരടികള്‍ക്ക് തങ്ങളുടെ വാസസ്ഥലമാണ് നഷ്ടമാകാന്‍ പോകുന്നത്.

യു.എസ് നാഷണല്‍ സ്‌നോ ആന്റ് ഐസ് ഡാറ്റ സെന്റര്‍ നല്‍കിയ ഉപഗ്രഹ വിവരം വിശകലനം ചെയ്താണ് ഈ കണക്ക്. മഞ്ഞ് പൂര്‍ണമായും അപ്രത്യക്ഷമാവില്ലെങ്കിലും ഈ വര്‍ഷം മഞ്ഞിന്റെ അളവില്‍ റെക്കോര്‍ഡ് കുറവുണ്ടാകും. 3.4 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്റില്‍ താഴെ മാത്രമായിരിക്കും മഞ്ഞെന്നും വാഥംസ് പറയുന്നു. ജൂണ്‍ ഒന്നിലെ കണക്ക് പ്രകാരം 11.1 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ മഞ്ഞാണ് നിലവില്‍ ആര്‍ട്ടിക്കിലുള്ളത്.