തീവ്രവാദബന്ധ പരാമര്‍ശം; മാര്‍ ആന്‍ഡ്രൂസ് താഴത്തിന് വക്കീല്‍ നോട്ടീസ് അയച്ച് അതിരൂപത സംരക്ഷണ സമിതി
Kerala News
തീവ്രവാദബന്ധ പരാമര്‍ശം; മാര്‍ ആന്‍ഡ്രൂസ് താഴത്തിന് വക്കീല്‍ നോട്ടീസ് അയച്ച് അതിരൂപത സംരക്ഷണ സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd July 2023, 11:20 am

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് വക്കീല്‍ നോട്ടീസ് അയച്ച് വൈദികസംഘടനയായ അതിരൂപത സംരക്ഷണ സമിതി. എറണാകുളം അതിരൂപതയിലെ വൈദികരിലും വിശ്വാസികളിലും ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കാട്ടി ആന്‍ഡ്രൂസ് താഴത്ത് സീറോ മലബാര്‍ സഭ പ്രത്യേക സിനഡില്‍ കത്ത് നല്‍കിയിരുന്നു. ഇത് സമിതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ തളിയന്‍ ആന്‍ഡ്രൂസിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തന്റെ സല്‍പേരിന് കളങ്കം വരുത്തിയതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഫാ.സെബാസ്റ്റ്യന്‍ തളിയന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

ഏകീകൃത കുര്‍ബാന വിഷയം ചര്‍ച്ച ചെയ്യാന്‍ സിനഡ് ചേരുന്നതിന് മുമ്പായിരുന്നു സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാര്‍ക്ക് ആന്‍ഡ്രൂസ് ഇമെയില്‍ അയച്ചത്. ഈ സന്ദേശത്തില്‍ അതിരൂപത സംരക്ഷണ സമിതി, അത്മായ മുന്നേറ്റം പോലുള്ള സംഘടനകള്‍ക്ക് ക്രൈസ്തവ വിരുദ്ധ ഗ്രൂപ്പുകളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും പിന്തുണയുണ്ടെന്ന് ആരോപിക്കുന്നതായും ഈ കത്ത് വിവിധയിടങ്ങളിലും പ്രചരിപ്പിക്കപ്പെട്ടതായും നോട്ടീസില്‍ പറയുന്നു.

സിനഡ് യോഗത്തില്‍ ആശയകുഴപ്പമുണ്ടാക്കാനായിരുന്നു ആന്‍ഡ്രൂസ് താഴത്തിന്റെ ശ്രമമെന്നും നോട്ടീസില്‍ പറയുന്നു. ഏകീകൃത കുര്‍ബാന അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സെന്റ് മേരീസ് കത്തീഡ്രലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളെ എത്തിച്ചെന്നും ഇതിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടല്‍ സംശയിക്കുന്നുണ്ടെന്നും ആന്‍ഡ്രൂസ് കത്തില്‍ പറഞ്ഞിരുന്നു.

Content Highlight: The Archdiocesan Protection Committee has sent a legal notice to Mar Andrews thazhath