കണ്ണൂര്‍: കോണ്‍ഗ്രസിലെ എല്ലാ നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോകുമെന്നു നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഗ്രൂപ്പുകള്‍ക്കു മുകളിലാണു പാര്‍ട്ടി, എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും, പാര്‍ട്ടിയെ അധികാരത്തില്‍ തിരികെയെത്തിക്കുമെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുമെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
‘വലിയ ഉത്തരവാദിത്തമാണിത്. ഗ്രൂപ്പിന് മുകളിലാണു പാര്‍ട്ടിയെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍.
കഴിവുള്ള നേതാക്കളെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തു എത്തിക്കാനുള്ള ശ്രമം ഏറ്റെടുക്കും. അതിനോടു കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും യോജിക്കുമെന്നുള്ള വിശ്വാസമുണ്ട്. പാര്‍ട്ടിക്കും സംഘടനക്കും കരുത്തുപകരുന്ന ഏതു തീരുമാനത്തിനും കേരളത്തിലെ പ്രവര്‍ത്തകര്‍ സഹകരിക്കും,’ കെ.പി.സി.സി പ്രസിഡന്റായതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ കെ. സുധാകരന്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണു മുല്ലപ്പള്ളി രാമചന്ദ്രനു പകരക്കാരനായി കെ. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണു കണ്ണൂര്‍ എം.പി കൂടിയായ കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ തന്നെയാണു സുധാകരനെ അറിയിച്ചത്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ടു ഹൈക്കമാന്റ് പ്രതിനിധി താരിഖ് അന്‍വര്‍ നേരത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതുസംബന്ധിച്ച് എം.പിമാരുടെയും എം.എല്‍.എമാരുടെയും അഭിപ്രായം തേടിയിരുന്നു.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടെയും പേരുകള്‍ കെ.പി.സി.സി. അധ്യക്ഷ പദവിയിലേക്കു നിര്‍ദ്ദേശിച്ചിരുന്നില്ല. ഹൈക്കമാന്റ് റിപ്പോര്‍ട്ടില്‍ എഴുപതു ശതമാനം പേരും പിന്തുണച്ചതു കെ. സുധാകരനെയായിരുന്നുവെന്നാണു വിവരം.