|

കൊച്ചിയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന് ഹൈക്കോടതി. ചന്ദര്‍ കുഞ്ജ് ഫ്ലാറ്റിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്നാണ് കോടതി ഉത്തരവ്.

അടിയന്തിരമായി താമസക്കാരെ ഒഴിപ്പിക്കണമെന്നും ബി, സി ടവറുകള്‍ പൊളിച്ച് പുതുക്കി പണിയണമെന്നും കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി താമസക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

കെട്ടിടം പുതുക്കി പണിയാന്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൈനികര്‍ക്കും വിരമിച്ച സൈനികര്‍ക്കും കുടുംബത്തോടൊപ്പം താമസിക്കാനായാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചത്. 2015ല്‍ ആരംഭിച്ച ഫ്ലാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍, 2018ലാണ് പൂര്‍ത്തിയായത്.

നിലവില്‍ 26 നില കെട്ടിടത്തിന്റെ ബി, സി ടവറുകള്‍ക്ക് കാര്യമായ ബലക്ഷയമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ടവറുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന താമസക്കാര്‍ക്ക് 21,000 മുതല്‍ 23,000 വരെ പ്രതിമാസം വാടക ഉറപ്പ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷനായ ഒരു സമിതി രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ന് (തിങ്കള്‍) മുതല്‍ രണ്ടാഴ്ചക്കകം സമിതി നിലവില്‍ വരണം, ഓരോ രണ്ടാഴ്ച കൂടുമ്പോഴും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.

200 കോടി മുതല്‍ മുടക്കിയാണ് വൈറ്റിലയിലെ ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചത്. നേരത്തെ കെട്ടിടം പൊളിക്കാതെ തന്നെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമോയെന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

മൂന്ന് ടവറുകളുള്ള ഫ്ലാറ്റ് സമുച്ചയത്തില്‍ 265 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ 2020 മുതല്‍ ആരംഭിച്ചതാണ്.

Content Highlight: The apartment complex built for soldiers in Kochi should be demolished: High Court

Video Stories