സിനിമാ ചര്‍ച്ചകള്‍ക്കൊപ്പം തഗ്ഗ് മറുപടികള്‍ കൊണ്ടും കൂടിയാണ് മമ്മൂട്ടിയുടെ അഭിമുഖങ്ങള്‍ ശ്രദ്ധ നേടുന്നത്. അവതാരകരുടെ ചോദ്യങ്ങള്‍ക്കനുസരിച്ച് മറുപടിയുടെ സ്വഭാവവും മാറുന്ന മമ്മൂട്ടിയുടെ മറുപടികള്‍ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്.
കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ ടീം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ മറുപടികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
മമ്മൂക്കയോടൊപ്പം ഓരോ സിനിമകളും സീനുകളും കിട്ടുമ്പോള്‍ ജീവിതത്തില്‍ എന്താണ് തോന്നുന്നത് എന്ന് അസീസ് നെടുമങ്ങാടിനോട് അവതാരകന്‍ ചോദിച്ചിരുന്നു. ജീവിതത്തില്‍ ഒരു ഉയര്‍ച്ച തോന്നും എന്ന ഒറ്റ വാക്കില്‍ അസീസ് ഉത്തരം ഒതുക്കിയപ്പോള്‍ എന്തായാലും നേരായിട്ടുള്ള ഉത്തരം പ്രതീക്ഷിക്കണ്ട എന്നാണ് ശബരീഷ് പറഞ്ഞത്. ചോദ്യം നേരെയല്ലല്ലോ എന്നാണ് ഈ സമയം മമ്മൂട്ടി പറഞ്ഞത്. നീ കുറച്ച് നീട്ടി പറഞ്ഞോ നമ്മള്‍ അഡ്ജസ്റ്റ് ചെയ്‌തോളാമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
നായര്‍ സാബ് പോലെ അന്യ സംസ്ഥാനത്തേക്ക് കേസന്വേഷണവുമായി പോകുന്ന സിനിമകള്‍ നമുക്കറിയാം എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ നായര്‍ സാബ് മിലിട്ടറി സിനിമ ആണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഓരോ സിനിമ ചെയ്യുമ്പോഴും ടെന്‍ഷടിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ടെന്‍ഷനടിക്കുന്നുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
അഭിമുഖം അവസാനിപ്പിക്കുന്ന സമയം റിവ്യുവിനെ പറ്റിയും അവതാരകന്‍ സംസാരിച്ചിരുന്നു. ‘ഈ സിനിമ സൂപ്പര്‍ഹിറ്റ് സിനിമയാവട്ടെ, ഒരുപാട് പ്രതീക്ഷിക്കുന്ന സിനിമയാണ്. സിനിമ കണ്ടിട്ട് എല്ലാവരും റിവ്യു എഴുതുക, സിനിമ കാണാതെ റിവ്യു എഴുതരുത്, ഒരുപാട് പേരുടെ അധ്വാനമാണ്. സിനിമ നല്ലതാണെങ്കില്‍ നല്ലതാണെന്ന് എഴുതുക, മോശമാണെങ്കില്‍ മോശമാണെന്ന് പറയാം. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലേക്ക് സിനിമയില്‍ അഭിനയിക്കുന്നവരുടെ പേരെടുത്ത് പറഞ്ഞ് മുന്നോട്ട് പോവരുത്,’ എന്നാണ് അവതാരകന്‍ പറഞ്ഞത്.
ഇപ്പോള്‍ ഇത് പറഞ്ഞത് ആരോടാണ്, കണ്ണാടി നോക്കി പറഞ്ഞാല്‍ പോരേ എന്നായിരുന്നു ഇതിനോട് മമ്മൂട്ടിയുടെ പ്രതികരണം. ‘അതൊക്കെ ഓരോ രീതികളാണ്. അതൊന്നും മാറ്റാനൊക്കില്ല. മാറ്റം വരണമെങ്കില്‍ ഇപ്പോള്‍ ഇതിലേക്ക് മാറിയത് പോലെ വേറെ ഒന്നിലേക്ക് മാറണം. മാറ്റം വരുത്താനായി നമ്മള്‍ ശ്രമിച്ചിട്ട് കാര്യമില്ല. അവര്‍ തിരിച്ചറിയുന്നത് വരെ ഇത് മാറാതിരിക്കും,’ മമ്മൂട്ടി പറഞ്ഞു.
ബിലാലിന്റെ അപ്ഡേഷന്‍ ചോദിച്ച അവതാരകര്‍ക്കും മമ്മൂട്ടി മറുപടി നല്‍കി. ‘അപ്ഡേറ്റ് വരുമ്പോള്‍ വരും. അങ്ങനെ വരുത്താനൊക്കില്ലല്ലോ. ഞാന്‍ രാവിലെ ബിലാലുമായി ഇറങ്ങിയാല്‍ പോരല്ലോ. അതിന് പിറകില്‍ ആള്‍ക്കാര് വേണ്ടേ. അതിന് സന്നാഹങ്ങളൊക്കെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഞാന്‍ പറഞ്ഞിട്ട് കാര്യമില്ല. നമ്മള്‍ പിടിച്ച് വലിച്ചിട്ട് കാര്യമില്ല. അതിന് അമല്‍ നീരദ് തന്നെ വിചാരിക്കണം,’ മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
Content Highlight: The answers given by Mammootty in an interview are now being discussed on social media