| Tuesday, 16th May 2023, 8:18 am

കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; ഡി.കെ ശിവകുമാര്‍ ദല്‍ഹിയിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗൂരു: കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകര്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി എ.ഐ.സി.സി ചുമതലയുള്ള രണ്‍ദീപ് സുര്‍ജെവാല തിങ്കളാഴ്ച പറഞ്ഞിരുന്നു.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെയും ഹൈക്കമാന്‍ഡ് ഇന്നലെ ദല്‍ഹിയിലേക്ക് വിളിച്ചിരുന്നു.

എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുടെ പേര് പറഞ്ഞ് ഡി.കെ ശിവകുമാര്‍ ഇന്നലെ ദല്‍ഹിയിലേക്ക് പോയിരുന്നില്ല. സിദ്ധരാമയ്യ ഇന്നലെ മുതല്‍ ദല്‍ഹിയില്‍ തുടരുകയാണ്. അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വമായി ചര്‍ച്ച നടത്തി.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലം വന്നത് മുതല്‍ മുഖ്യമന്ത്രിയാരാകണമെന്നുള്ള പോര്‍ വിളികളുമായി ഇരുവരുടെയും അണികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ എം.എല്‍.എമാരില്‍ 70 ശതമാനം പേരും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമവായത്തിന് ഒരുക്കമാണെന്നും മുഖ്യമന്ത്രി പദം പങ്കിടാമെന്നും സിദ്ധരാമയ്യയും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം താനും പിന്നീടുള്ള മൂന്ന് വര്‍ഷം ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിയാകാമെന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദ്ദേശം.

Contenthighlight: The announcement  of the CM of Karnataka  made today

We use cookies to give you the best possible experience. Learn more