Daily News
ധീര രക്തസാക്ഷി ഉദ്ദംസിങ്ങിനെ അനുസ്മരിച്ച് അനിമേഷന്‍ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Aug 01, 11:53 am
Saturday, 1st August 2015, 5:23 pm


1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിക്ക് പ്രതികാരമായി ഇംഗ്ലണ്ടില്‍ പോയി ബ്രിട്ടീഷുദ്യോഗസ്ഥനെ വധിച്ച ഇന്ത്യന്‍ വിപ്ലവ ചരിത്രത്തിലെ രക്തനക്ഷത്രമാണ് ഉദ്ദം സിങ്ങ്. തുടര്‍ന്ന് അദ്ദേഹം കഴുമരത്തിലേയ്ക്ക് സധീരം നടന്നുകയറി.

കാലങ്ങള്‍ ഏറെ പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ പുതിയൊരു ഘട്ടം ആവശ്യപ്പെടുന്ന വര്‍ത്തമാന കാലത്ത് ഉദ്ദം സിങ്ങിനെ പോലുള്ള ധീരന്‍മാരെ സ്മരിക്കേണ്ടത് അനിവാര്യം തന്നെയാണ്. “ഓര്‍മകള്‍ താരാട്ടുപാട്ടല്ല, ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്.” ഇതുപറഞ്ഞത് എം.എന്‍ വിജയന്‍മാഷാണ്.

അതെ ഓര്‍മകള്‍ താരാട്ടുപാട്ടല്ല, പുതിയ മാറ്റത്തിന്റെ രണഭേരിമുഴക്കാനുള്ള ഇന്ധനം തന്നെയാണ്.

ഇപ്പോള്‍ ഉദ്ദംസിങ്ങനെ അനുസ്മരിച്ചുകൊണ്ട് ഒരു പോപ് സംഘം രസകരമായ ഒരു വീഡിയ നിര്‍മിച്ചിരിക്കുകയാണ്. ഒരു അനിമേറ്റഡ് ദൃശ്യ വിസ്മയം. ഈ ചിത്രം ജാലിയന്‍ വാലാബാഗില്‍ തുടങ്ങി ഉദ്ദം സിങ്ങിന്റെ ധീരതയെയും രാഷ്ട്രീയത്തെയും ലളിതവും ഹൃദ്യവുമായി  അവതരിപ്പിക്കുന്നു.

“സ്‌കാ വെഞ്ചേഴ്‌സ്” എന്ന പോപ്പ് ഗ്രൂപ്പാണ് 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ അനിമേഷന്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഉദ്ദംസിങ്ങ് തന്റെ വിദേശ പര്യടനത്തിനെ വിശേഷിപ്പിച്ചിരുന്ന “ഫ്രാങ്ക് ബ്രസീല്‍” എന്ന വാക്കുകളാണ് വീഡിയോയുടെ പേരായി സ്വീകരിച്ചിരിക്കുന്നത്.

ഉദ്ദം സിങ്ങിന്റെ രക്തസാക്ഷിത്വത്തിന്റെ 75ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് വീഡിയോ നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ബ്രിട്ടീഷ് വാഴ്ച്ചകാലത്തെ നഷ്ടങ്ങള്‍ നികത്താന്‍ ബ്രിട്ടന്‍ ബാധ്യതപ്പെട്ടിരിക്കുന്നു എന്ന ശശീ തരൂരിന്റെ പ്രസംഗത്തെ തുടര്‍ന്നാണ് “സ്‌കാ വെഞ്ചേഴ്‌സ്” ഇത്തരമൊരു വീഡിയോ നിര്‍മിച്ചതെന്ന് പറയുന്നു.

“യൂറോപ്പ് നഷ്ടം പരിഹരിക്കാന്‍ ബാധ്യതപ്പെട്ടിരിക്കുകയാണ്. വിശിഷ്യ കോളനിയാക്കപ്പെട്ടിരുന്ന രാജ്യങ്ങള്‍ക്ക്. എന്നാല്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ തന്നെ അവസാനിച്ചിരിക്കുകയാണല്ലോ.” സ്‌കാ വഞ്ചേഴ്‌സ് ഗായകന്‍ തരു ഡാല്‍മിയ വ്യക്തമാക്കി.