അനിമല്‍ ആഘോഷിക്കപ്പെടുന്നത് അപകടകരം; രണ്‍ബീര്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കം ചെയ്യാനാവശ്യം
Film News
അനിമല്‍ ആഘോഷിക്കപ്പെടുന്നത് അപകടകരം; രണ്‍ബീര്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കം ചെയ്യാനാവശ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th January 2024, 8:02 pm

രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ സിനിമ നെറ്റ്ഫ്ളിക്സിലെത്തിയതിന് പിന്നാലെ വിമര്‍ശനങ്ങളുയരുന്നു. ചിത്രം നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കം ചെയ്യപ്പെടണമെന്നാണ് ആവശ്യം.

തിയേറ്ററിലെത്തിയ സമയത്ത് തന്നെ ചിത്രം ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. വലിയ രീതിയിലുള്ള വയലന്‍സ്, ടോക്സിക് മസ്‌കുലിനിറ്റി, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങള്‍ എന്നിവയൊക്കെയായിരുന്നു ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ ചിത്രം ജനുവരി 26 മുതലായിരുന്നു നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിങ് തുടങ്ങിയത്. അതോടെ വീണ്ടും സമാനമായ വിവാദങ്ങളുയര്‍ന്നു.

സിനിമ കണ്ട പലരും ചിത്രത്തെ കുറിച്ച് എക്സിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വിമര്‍ശിക്കാന്‍ തുടങ്ങി.


‘ദയവായി നെറ്റ്ഫ്ളിക്സില്‍ നിന്ന് അനിമല്‍ എന്ന സിനിമ നീക്കം ചെയ്യുക. അത് സ്ത്രീകള്‍ക്കെതിരായ വയലന്‍സിനെയും അബ്യുസിനെയുമാണ് കാണിക്കുന്നത്. ഇതിനെ എന്റര്‍ടെയ്മെന്റ് എന്ന് വിളിക്കാന്‍ കഴിയില്ല,’ ജഗന്‍ എന്നയാള്‍ എക്സില്‍ കുറിച്ചു.

‘വളരെക്കാലത്തിന് ശേഷം കണ്ട ഏറ്റവും വിഷലിപ്തവും നിരാശാജനകവുമായ സിനിമ. ഇനി ഒരിക്കലും കാണാന്‍ ശ്രമിക്കില്ല. ഏറ്റവും മോശം സിനിമകാണല്‍ അനുഭവം,’ എന്ന് മറ്റൊരാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.


സമാനമായി ഒരുപാട് വിമര്‍ശനങ്ങള്‍ ചിത്രത്തിന് നേരെ ഉയരുന്നുണ്ട്. ചിത്രത്തിലെ പല സീനുകളും സ്ത്രീ വിരുദ്ധമാണെന്നും ഇങ്ങനെയുള്ള ഒരു സിനിമ ആഘോഷിക്കപ്പെടുന്നത് അപകടകരമായ കാര്യമാണെന്നും വിമര്‍ശനമുണ്ട്.

ഈയടുത്തായിരുന്നു മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു നെറ്റ്ഫ്ളിക്സില്‍ നിന്ന് നയന്‍താരയുടെ അന്നപൂരണി നീക്കം ചെയ്തത്. സ്ത്രീകള്‍ക്ക് നേരെയുള്ള വയലന്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്ന അനിമലും പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം.

അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിങ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമായിരുന്നു അനിമല്‍. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പം രശ്മിക മന്ദാനയും അനില്‍ കപൂറും ബോബി ഡിയോളും പ്രധാനവേഷങ്ങളിലെത്തി.

അനിമല്‍ 2018ല്‍ പുറത്തിറങ്ങിയ രണ്‍ബീറിന്റെ ‘സഞ്ജു’ സിനിമ നേടിയ കളക്ഷനെ മറികടന്ന് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രമായി മാറിയിരുന്നു.

Content Highlight: The animal movie is celebrated dangerously; Ranbir Kapoor movie needs to be removed from netflix