മലയാള സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തുക എന്നുള്ളതാണ് താനുള്‍പ്പെടെയുള്ളവരുടെ ആഗ്രഹമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. കിങ് ഓഫ് കൊത്തയിലെ കലാപകാര എന്ന പാട്ട് റീലായി ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവര്‍ ചെയ്യുന്നുണ്ടെന്നും അത് കാണുമ്പോള്‍ സന്തോഷമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം മലയാളം സിനിമയെ ചര്‍ച്ച ചെയ്യുന്നതിലേക്ക് എത്തണമെന്ന മമ്മൂട്ടിയുടെ പഴയ പരാമര്‍ശത്തെ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ ആഗ്രഹം അതാണ്. ഒരുപാട് ആളുകളിലേക്ക് എത്തണം, വിസിബിളിറ്റി കിട്ടണം, ചര്‍ച്ച ചെയ്യപ്പെടണം. ഇതിലെ റിതികയുടെ പാട്ട് റീലായി ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ളവര്‍ ചെയ്യുന്നുണ്ട്. അത് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ട്. ഒരു മലയാളം പാട്ടാണ് അമേരിക്കയിലും ഓസ്‌ട്രേലിയയിലും ജപ്പാനിലുമൊക്കെ ആളുകള്‍ കളിക്കുന്നത് എന്ന് കാണുമ്പോള്‍ ഒരു സന്തോഷമുണ്ട്. അതുപോലെ ട്രെയ്‌ലര്‍ റിയാക്ഷനും സോങ് റിയാക്ഷനുമൊക്കെ ഇന്ത്യയില്‍ മാത്രമല്ല, പുറത്തുനിന്നുമുണ്ട്.
ആദ്യം തന്നെ കിങ് ഓഫ് കൊത്തയുടെ എഴുത്തിലും കഥയിലും ഇരിക്കുകയും, എല്ലാത്തിനും ഒരുപാട് സമയം ചെലവഴിക്കുകയും ചെയ്തതാണ്. ഇത്രയും നല്ല കാസ്റ്റ് വന്നു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ടാലന്റഡായ ആളുകളായിരുന്നു. ഇത്രയും സമയമെടുത്ത് ഷൂട്ട് ചെയ്തു. എഡിറ്റില്‍ ഒരുപാട് സമയമിരുന്നു. ഓഡിയന്‍സിനെ എന്റര്‍ടെയ്ന്‍ ചെയ്യാനാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. നമ്മള്‍ ജനുവിനായി ചെയ്യുമ്പോള്‍ ഓഡിയന്‍സിന് അത് മനസിലാവാറുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.
ഓഗസ്റ്റ് 24നാണ് ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്ത റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് കിങ് ഓഫ് കൊത്തക്ക് ലഭിക്കുന്നത്. പ്രൊഡക്ഷന്‍ ക്വാളിറ്റിയും സംഗീതവും പ്രകടനങ്ങളും മികച്ച് നിന്നപ്പോള്‍ തിരക്കഥയില്‍ ചിത്രത്തിന് പാളിച്ച സംഭവിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
മാസ് രംഗങ്ങള്‍ക്കൊന്നും പ്രത്യേകിച്ച് ഒരു ഫീല്‍ നല്‍കാനായില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. എന്നാല്‍ കിങ് ഓഫ് കൊത്ത മലയാളത്തില്‍ നിന്നുമെത്തിയ മികച്ച മാസ് ആക്ഷന്‍ ചിത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.