കൊച്ചി: അഭിമുഖത്തിനിടയില്‍ അപമാനിച്ചതിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാനൊരുങ്ങി അവതാരക. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിന്‍വലിക്കണമെന്ന ഹരജിയില്‍ പരാതിക്കാരി ഒപ്പ് വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാ പ്രൊമോഷന്‍ അഭിമുഖത്തിനിടെ അസഭ്യം വിളിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പരാതി നല്‍കിയത്. ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കാന്‍ ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ശ്രീനാഥ് നേരില്‍ കണ്ട് സംസാരിച്ചെന്നും തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ ഹരജി നല്‍കിയിരിക്കുന്നത്. അതേസമയം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷമാവും പരാതി പിന്‍വലിക്കപ്പെടുക. കോടതിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
‘ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന്‍ സമ്മതിച്ചു. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്. ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യം,’ പരാതിക്കാരി പ്രതികരിച്ചു.
അതേസമയം അവതാരകയെ അപമാനിച്ച കേസിന് പിന്നാലെ ശ്രീനാഥ് ഭാസിയെ നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്കിയിരുന്നു. താരത്തിനെതിരെയുള്ള കേസില്‍ സംഘടന ഇടപെടില്ലെന്നും വ്യക്തമാക്കി. താരത്തിന്റെ പുതിയ സിനിമകള്‍ ഒന്നും ചെയ്യില്ല. ഇത് ശിക്ഷാ നടപടിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ രീതികള്‍ മാറ്റാനാണ്. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയതായും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ സെപ്റ്റംബര്‍ 26ന് മരട് പൊലീസ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
Content Highlight: The anchor is about to withdraw the complaint filed against actor Sreenath Bhasi