കൊച്ചി: വ്യക്തമായ കാരണം ഇല്ലാതെ ത്വലാഖ് അനുവദിക്കാനാകില്ലെന്ന് ലക്ഷദ്വീപിലെ അമിനി സബ് കോടതി വിധി. ഖാളി നല്‍കിയ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നിയമപരമായി നിലനില്‍ക്കില്ലെന്ന 30 കാരിയുടെ വാദം അംഗീകരിച്ച് ലക്ഷദ്വീപിലെ അമിനി സബ് കോടതി ജഡ്ജ് കെ. ചെറിയ കോയയാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവിച്ചത്.
മൂന്ന് ത്വലാഖും ക്യത്യമായ ഇടവേളകളില്‍ ചൊല്ലിയാലും ത്വലാഖിന് കൃത്യമായ കാരണം വേണമെന്നും അമിനി സബ് കോടതി ഉത്തരവില്‍ പറയുന്നു. കൃത്യമായ കാരണമില്ലാതെ ത്വലാഖ് ചൊല്ലിയാല്‍ അത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്.
ഖാളിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചയില്ലാതെയാണ് കേസില്‍ വിവാഹമോചനം നടത്തിയതെന്നും ഇത് പരിഗണിക്കാതെയാണ് ഖാളി സര്ട്ടിഫിക്കറ്റ് നല്‍കിയതെന്നും കോടതി കണ്ടത്തി.
കേസില്‍ 2019ല്‍ യുവാവ് ഭാര്യയെ ത്വലാഖ് ചൊല്ലാനുള്ള നടപടിയാരംഭിച്ച ശേഷം പ്രദേശത്തെ ഖാളിയില്‍ നിന്ന് വിവാഹമോചന സര്ട്ടിഫിക്കറ്റ് നേടുകയായിരുന്നു.
ശരീഅത്ത് നിയമം അനുശാസിക്കുന്ന ഇടവേളകള്‍ ക്യത്യമായി പാലിച്ച് ത്വലാഖ് ചൊല്ലിയെങ്കിലും ഖാളി അറിയിക്കുമ്പോഴാണ് ഭാര്യ താന്‍ നിയമപരമായി വിവാഹമോചിതയായെന്ന വിവരം അറിയുന്നത്. ഇതോടെയാണ് പരാതിക്കാരിയായ യുവതി നിയമനടപടിക്കൊരുങ്ങിയത്.
ത്വലാഖ് ചൊല്ലുന്നതിന് മുമ്പ് ശരിഅത്ത് വിധി പ്രകാരം ആദ്യം ഭര്‍ത്താവിന്റെയും ഭാര്യയുടെയും വീട്ടുകാര്‍ തമ്മില് മധ്യസ്ഥ ചര്‍ച്ച നടത്തണം. അതിന് ശേഷം ഒന്നാം ത്വലാഖും വീണ്ടും മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം രണ്ടാം ത്വലാഖും ചൊല്ലണം എന്നാണ് ശരീഅത്ത് നിയമം. എന്നാല്‍ ഈ കേസില്‍ ത്വലാഖ് ചൊല്ലിയെങ്കിലും മധ്യസ്ഥ ചര്‍ച്ച ഒരു ഘട്ടത്തിലും ഉണ്ടായില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.