ലഖ്‌നൗ: വനിതാ കോണ്‍സ്റ്റബിളിനെ ട്രെയ്‌നില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചുമതലകള്‍ നിറവേറ്റുന്ന കാര്യത്തില്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്.) പരാജയപ്പെട്ടെന്നാണ് കോടതിയുടെ വിമര്‍ശനം.
കേസിനെക്കുറിച്ച് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് പ്രിതിങ്കള്‍ ദിവാകര്‍ ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വസതിയിലേക്ക് വാദം കേള്‍ക്കാന്‍ വിളിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 13നകം കേസ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് സര്‍ക്കാര്‍ റെയില്‍വേ പൊലീസിനോട് കോടതി ഉത്തരവിട്ടു. കേന്ദ്രത്തിനും റെയില്‍വേ മന്ത്രാലയത്തിനും ആര്‍.പി.എഫ് ഡയറക്ടര്‍ ജനറലിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാന വനിതാ കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രയാഗ് രാജ് സ്വദേശിയായ 47കാരിയായ വനിതാ കോണ്‍സ്റ്റബിളാണ് അക്രമത്തിനിരയായത്. ആഗ്‌സറ്റ് 30ന് സരയൂ എക്‌സ്പ്രസ് കമ്പാര്‍ട്ട്‌മെന്റില്‍ മുഖത്തും തലയിലും മുറിവുകളോടെ രക്തത്തില്‍ കുളിച്ച നിലയില്‍ വനിതാ കോണ്‍സ്റ്റബിളിനെ കണ്ടെത്തുകയായിരുന്നു. യുവതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
സംഭവത്തെ തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിളിന്റെ സഹോദരന്‍ പരാതി നല്‍കിയിരുന്നു. ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസും യുവതിയുടെ കുടുംബവും വ്യക്തമാക്കി.
പ്രയാഗ് രാജില്‍ നിന്നുള്ള വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ സുല്‍ത്താന്‍പൂരിലായിരുന്നു നിയമിച്ചിരുന്നത്. സാവന്‍ മേള ഡ്യൂട്ടിക്കായി അവര്‍ സുല്‍ത്താന്‍പൂരില്‍ നിന്ന് അയോധ്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ട്രെയ്‌നില്‍ വെച്ച് ഉറങ്ങിപ്പോയതിനാല്‍ അയോധ്യയില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. അയോധ്യക്കും മനക്പൂരിനും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് ഓഫീസര്‍ പൂജ യാദവ് പറഞ്ഞു.
പരിക്കേറ്റ കോണ്‍സ്റ്റബിള്‍ ലഖ്നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയിലാണ്. യു.പി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി വനിതാ കോണ്‍സ്റ്റബിളിനെ സന്ദര്‍ശിച്ചിരുന്നു. കോണ്‍സ്റ്റബിളിനെ ആരാണ് ആക്രമിച്ചതെന്നും ആക്രമത്തിന് പിന്നിലെ കാരണമെന്താണെന്നും ഇനിയും വ്യക്തമായിട്ടില്ല.
Content Highlights: The Allahabad High Court on Sunday pulled up both the Uttar Pradesh government and the railway police over the attack on a woman constable