ഗ്യാന്‍വാപി സര്‍വേക്കുള്ള സ്റ്റേ വ്യാഴാഴ്ച വരെ നീട്ടി അലഹബാദ് ഹൈക്കോടതി
national news
ഗ്യാന്‍വാപി സര്‍വേക്കുള്ള സ്റ്റേ വ്യാഴാഴ്ച വരെ നീട്ടി അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th July 2023, 7:44 pm

ന്യൂദല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന ശാസ്ത്രീയ സര്‍വേക്കുള്ള സ്റ്റേ വ്യാഴാഴ്ച വരെ നീട്ടി അലഹബാദ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് പ്രീതിന്‍കര്‍ ദിവാകര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ ബുധനാഴ്ച അഞ്ച് മണി വരെ നിര്‍ത്തിവെക്കണമെന്ന് ജൂലൈ 26ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ വാരണാസി കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സമയം പള്ളിക്കമ്മിറ്റിക്ക് ലഭിച്ചു.

സര്‍വേ പള്ളിക്ക് കേടുപാടുകള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ പള്ളിക്കമ്മിറ്റിയുടെയും ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെയും വാദം ബുധനാഴ്ച കോടതി കേട്ടു. മസ്ജിദിന് 1000 വര്‍ഷം പഴക്കമുണ്ടെന്നും ഖനന പ്രവര്‍ത്തനങ്ങള്‍ മസ്ജിദിന് കേടുപാടുകള്‍ ഉണ്ടാക്കുമെന്നും പള്ളി കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ നഖ്‌വി വാദിച്ചു. മസ്ജിദിനകത്ത് ഖനനം നടത്തില്ലെന്നും ആവശ്യമെങ്കില്‍ അവസാനഘട്ടത്തില്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ഹിന്ദുവിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ജെയ്‌നും വാദിച്ചു.

എന്നാല്‍ മൂന്ന് താഴികക്കുടത്തിന് താഴെയാണ് ഖനനം നടത്തുകയെന്ന് ഹിന്ദുവിഭാഗം സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നതായി നഖ്‌വി ചൂണ്ടിക്കാട്ടി. സര്‍വേയില്‍ വസുഖാന മേഖല ഉള്‍പ്പെടുന്നില്ലെന്ന് ഹിന്ദു വിഭാഗം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും സര്‍വേ നടത്തുന്നത് പള്ളിക്ക് കേടുപാടുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം വാദിച്ചു. സര്‍വേയുടെ വീഡിയോ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഗ്രൗണ്ട് പെനിട്രെയ്റ്റിങ് റഡാര്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നതെന്നും പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കില്ലെന്നും ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് പ്രീതിന്‍കര്‍ ദിവാകര്‍ അധ്യക്ഷനായ ബെഞ്ച് ഇതില്‍ അതൃപ്തി അറിയിച്ചു.

മുന്‍പ് സമാനമായ സര്‍വേ നടത്തിയിട്ടുണ്ടോയെന്ന് കോടതി എ.എസ്.ഐയോട് ചോദിച്ചു. ഇത്തരത്തില്‍ നടത്തിയിട്ടുള്ള പ്രൊജക്ടിന്റെ ഫോട്ടോകള്‍ ആവശ്യപ്പെടുകയും ചെയ്തു. സര്‍വേയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉണ്ടെന്നും വ്യാഴാഴ്ച ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് കോടതിക്ക് മുന്‍പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ജൂലൈ 27ന് 3.30ന് കോടതി വീണ്ടും വാദം കേള്‍ക്കും.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സര്‍വേ നടത്താനുള്ള അനുമതി വാരണാസി ജില്ലാ കോടതി നല്‍കിയത്. മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നത് ക്ഷേത്ര ഭൂമിയിലാണോയെന്നറിയാന്‍ പരിശോധന നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: Gyanvapi; The Allahabad High Court extended the stay on the ASI’s  survey