രാജ്യവ്യാപകമായി കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ
national news
രാജ്യവ്യാപകമായി കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2023, 1:49 pm

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. ഈ മാസം ഒമ്പതിന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്നും വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

യൂണിയന്‍ ബജറ്റില്‍ കര്‍ഷകര്‍ക്ക് യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളുമില്ലെന്നും തൊഴിലുറപ്പ് പദ്ധതി ഗണ്യമായി വെട്ടി ചുരുക്കിയെന്നും കാര്‍ഷിക ഉപകരണങ്ങളുടെ സബ്‌സിഡിയുടെ കാര്യത്തിലും വലിയ തോതില്‍ കുറവുണ്ടായെന്നും കിസാന്‍ സഭ നേതാക്കള്‍ വിമര്‍ശിച്ചു.

കേന്ദ്രത്തിന്റെ ഈ സമീപനം അംഗീകരിക്കാനാവില്ലെന്നും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

പണക്കാര്‍ക്ക് വേണ്ടിയാണ് കേന്ദ്ര ബജറ്റെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ വൈസ് പ്രസിഡന്റ് ഹനന്‍ മൊല്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഈ ബജറ്റ് പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പാവപ്പെട്ടവരുടെയും പണക്കാരുടെയും ഇന്ത്യ എന്ന രീതിയില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്ര ബജറ്റ് ശ്രമിക്കുന്നതെന്ന് ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് ആരോപിച്ചു.

കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ചും കിസാന്‍ സഭ നേതാക്കള്‍ പ്രതികരിച്ചു.

കേരളത്തില്‍ പെട്രോള്‍- ഡീസല്‍ വില വര്‍ധിപ്പിച്ച നടപടി ശരിയാണെന്നും, കേരള സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പി. കൃഷ്ണ പ്രസാദ് പറഞ്ഞു പറഞ്ഞു.

ജനക്ഷേമം ഉറപ്പാക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും, അതിനാല്‍ കേന്ദ്രം ഇന്ധന വില വര്‍ധിപ്പിച്ചാല്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ബജറ്റുകളും രണ്ട് ദിശയിലാണ് ഉള്ളത്. ആഗോള സാമ്പത്തിക മാന്ദ്യം ശക്തമാകുമ്പോള്‍ പണം കണ്ടെത്താതെ കയ്യടി നേടാന്‍ അല്ല ശ്രമിക്കേണ്ടതെന്നും കൃഷ്ണ പ്രസാദ് പറഞ്ഞു.

Content Highlight: The All India Kisan Sabha will protest by burning the central budget nationwide