കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. തല്ലിത്തകര്‍ത്ത് വെട്ടിപ്പിടിക്കുന്നതിലാണ് ഇന്ന് ബി.ജെ.പി സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സിന്‍ഹ പറഞ്ഞു.
ബി.ജെ.പിയുടെ തെറ്റ് തടയാന്‍ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് സിന്‍ഹ പറഞ്ഞു.തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
”സര്‍ക്കാരിന്റെ തെറ്റ് തടയാന്‍ ആരുമില്ല. അടല്‍ ജി യുടെ കാലത്ത് ബി.ജെ.പി സമവായത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും ഇന്നത്തെ സര്‍ക്കാര്‍ തകര്‍ത്തടിച്ച് വെട്ടിപ്പിടിക്കുന്നതിലാണ് വിശ്വസിക്കുന്നത്. അകാലികള്‍, ബി.ജെ.ഡി എന്നീ സഖ്യകക്ഷികള്‍ ബി.ജെ.പി വിട്ടു. ഇന്ന് ആരാണ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത്?” സിന്‍ഹ ചോദിച്ചു.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുമ്പാണ് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
‘രാജ്യം ഇന്ന് പണ്ടുകാണാത്തവിധം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശക്തി ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയിലാണ് നിലകൊള്ളുന്നത്. ജുഡീഷ്യറി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു,” തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ സിന്‍ഹ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ് സിന്‍ഹ മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചിരുന്നു.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക