പാര്‍ട്ടി ചിഹ്നത്തിനായുള്ള അജിത് പവാറിന്റെ ആവശ്യം തള്ളണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ശരദ് പവാര്‍ ക്യാമ്പ്
national news
പാര്‍ട്ടി ചിഹ്നത്തിനായുള്ള അജിത് പവാറിന്റെ ആവശ്യം തള്ളണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ശരദ് പവാര്‍ ക്യാമ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th August 2023, 8:59 pm

ന്യൂദല്‍ഹി: നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നത്തിനായുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ആവശ്യം തള്ളണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ ക്യാമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അജിത്തിന്റെ ആവശ്യം വഞ്ചനാപരമാണെന്നും അവര്‍ പറഞ്ഞു. എന്‍.സി.പിക്ക് രണ്ട് വിഭാഗങ്ങള്‍ ഉള്ളതായുള്ള തെളിവ് അജിത് പവാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ഇല്ലെന്നും അവര്‍ വാദിച്ചു.

‘എന്‍.സി.പിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കാന്‍ അജിത് പവാറിന് സാധിച്ചിട്ടില്ല. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും മുന്‍ അംഗങ്ങളും (അജിത് പവാറിന്റെ പക്ഷം)തമ്മില്‍ തര്‍ക്കമുള്ളതായി പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനമെടുത്തിട്ടില്ല,’ശരദ് പവാര്‍ ക്യാമ്പ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 1ന് അജിത് പവാര്‍ വിഭാഗം സമര്‍പ്പിച്ച അപേക്ഷ എന്‍.സി.പിയില്‍ രണ്ട് വിഭാഗങ്ങളുണ്ടെന്ന് തെളിയിക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ ശരദ് പവാര്‍ ക്യാമ്പ് പറഞ്ഞു. ‘ജൂലൈ 1ന് മുമ്പ് ശരദ് പവാറിനോ എന്‍.സി.പിക്കോ എതിരെ ഒരു പരാതിയും ഉയര്‍ത്തിയിട്ടില്ല. മാത്രമല്ല ശരദ് പവാറുമായോ മറ്റ് എന്‍.സി.പി നേതാക്കളുമായോ കൂടിക്കാഴ്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുമില്ല. ജൂലൈ 1ന് സമര്‍പ്പിച്ച അപേക്ഷ എന്‍.സി.പിയില്‍ രണ്ട് വിഭാഗങ്ങളുണ്ടെന്ന് തെളിയിക്കുന്നതല്ല,’ ശരദ് പവാര്‍ ക്യാമ്പ് പറയുന്നു.

കഴിഞ്ഞ മാസമായിരുന്നു അജിത് പവാറും എട്ട് എം.എല്‍.എമാരും ഷിന്‍ഡെ സര്‍ക്കാരില്‍ ചേരുകയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് തങ്ങളാണ് യഥാര്‍ത്ഥ എന്‍.സി.പിയെന്നും കൂടുതല്‍ എം.എല്‍.എമാരുടെയും പിന്തുണ ഉള്ളത് തങ്ങള്‍ക്കാണെന്നും അജിത് പവാര്‍ വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ പേരും ചിഹ്നവും തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ജൂണ്‍ 30ന് ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളുടെയും ഒപ്പോട് കൂടി പ്രമേയത്തിലൂടെ അജിത് പവാറിനെ എന്‍.സി.പിയുടെ അധ്യക്ഷനായി തെരഞ്ഞെടുപ്പ് കമ്മീഷനെ അവര്‍ അറിയിച്ചിരുന്നു.

മഹാരാഷ്ട്ര സഖ്യത്തിനൊപ്പം ചേരാനുള്ള തീരുമാനത്തിനൊപ്പം ശരദ് പവാറും വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു. ‘ഞങ്ങളുടെ പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ശരദ് പവാര്‍ ഇപ്പോഴും ഞങ്ങളുടെ ആരാധനാപാത്രമാണ്. ഞങ്ങളെടുത്ത രാഷ്ട്രീയ തീരുമാനം അദ്ദേഹം അംഗീകരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം,’ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

Content Highlights: The Ajit Pawar faction’s demand for a party symbol should be rejected; Sharad pawar camp to election commission