| Friday, 11th October 2024, 8:31 pm

മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസം; എയര്‍ ഇന്ത്യ വിമാനം തിരുച്ചിറപ്പള്ളിയില്‍ തിരിച്ചിറങ്ങി; യാത്രക്കാരും സുരക്ഷിതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഹൈഡ്രോളിക് തകരാര്‍ നേരിട്ട എയര്‍ ഇന്ത്യയുടെ വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി. ഷാര്‍ജയിലേക്ക് യാത്ര തിരിച്ച വിമാനമാണ് ടേക്ക്ഓഫ് ചെയ്ത് പത്ത് മിനിറ്റിനുള്ളില്‍ സാങ്കേതിക തകരാറ് നേരിട്ടത്.

വിമാനത്തിലുണ്ടായിരുന്ന 141 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന പരമാവധി ഇന്ധനവും കത്തിച്ച് സേഫ് ലാന്‍ഡിങ്ങിന് പൈലറ്റ് ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിന് മുകളില്‍ രണ്ട് മണിക്കൂറുകളോളം വട്ടമിട്ട് പറന്നതിന് ശേഷം വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് 5.40ന് പുറപ്പെട്ട വിമാനമായ AXB 613യാണ് ഹൈഡ്രോളിക് തകരാര്‍ നേരിട്ടത്. 8.30 ഓടെ വിമാനം ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു.

എന്നാല്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 10 മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പൈലറ്റ് സാങ്കേതിക തകരാര് മനസിലാക്കുകയും ലാന്‍ഡ് ചെയ്യാനുള്ള അനുമതി തേടുകയുമായിരുന്നു.

തുടര്‍ന്ന് അടിയന്തിരമായി വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിന് കഴിയാതെ വരികയും തുടര്‍ന്ന് പരമാവധി ഇന്ധനം കത്തിച്ച് ലാന്‍ഡ് ചെയ്യാനുള്ള നീക്കമുണ്ടാകുകയുമായിരുന്നു.

Content Highlight: The Air India flight landed back at Tiruchirappalli

We use cookies to give you the best possible experience. Learn more