| Thursday, 24th February 2022, 3:24 pm

ഭരിക്കാനനുവദിക്കാതെ ഇടങ്കോലിടുകയാണ് ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും ലക്ഷ്യം: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദമുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും തടയുക എന്നതാണ് കോണ്‍ഗ്രസ് തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരിക്കാനനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ട് തടസമുണ്ടാക്കാമെന്ന ബി.ജെ.പി തന്ത്രവും കോണ്‍ഗ്രസ് തന്ത്രവും ഒരുമിച്ച് നീങ്ങുന്ന കാഴ്ചയാണ് കേരളത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനങ്ങള്‍ക്ക് എല്‍.ഡി.എഫില്‍ പ്രതീക്ഷയുണ്ടെന്നും എല്‍.ഡി.എഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടര്‍ന്നാല്‍ വിസ്മയകരമായ വികസനത്തിലേക്ക് കേരളം ഉയരുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം അറിയാത്തവരല്ല കോണ്‍ഗ്രസും ബി.ജെ.പിയും, അറിയുന്നതുകൊണ്ട് തന്നെ ഒറ്റക്കും കൂട്ടായും ഇതിനെ തടയാന്‍ ഇടപെടുകയാണ് ഇരുകൂട്ടരുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നല്ല നേട്ടങ്ങളെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ വല്ലാതെ ശ്രമിക്കുന്നു എന്നതാണ് കേരളത്തിന്റെ ദുരനുഭവം. 1957-59 ഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാന്‍ ഇവിടെ അവിശുദ്ധകൂട്ടുകെട്ടുകളുായി. ഇപ്പോള്‍ വികസനത്തെ അട്ടിമറിക്കാന്‍ സമാനമായ അവിശുദ്ധക്കൂട്ടുകെട്ട് ഇവിടെ ഉണ്ടാവുകയാണ്.

ഭൂപരിഷ്‌കരണമുണ്ടായാല്‍ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ പുരോഗമനപരമായി മാറിപ്പോകും എന്ന ആശങ്കയാണ് അന്ന് വലതുപക്ഷ കക്ഷികളെ ഒരുമിപ്പിച്ചതെങ്കില്‍ കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികളുണ്ടായാല്‍ തങ്ങള്‍ക്കു കളിക്കാന്‍ ഒരു കളവും അവശേഷിക്കില്ല എന്ന ഉത്കണ്ഠയാണ് എല്ലാ വലതുപക്ഷ ശക്തികളെയും ഒരുമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാറിന് അപ്രിയമായ കാര്യങ്ങള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്‌കരിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അടിയന്തിരപ്രമേയ നോട്ടീസ് തള്ളുമ്പോള്‍ മൂന്ന് കാര്യങ്ങളാണ് സ്പീക്കര്‍ പറഞ്ഞതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റേജിലാണ്, കേസ് കോടതിയിലാണ്, കേസിന് അടിയന്തര പ്രാധാന്യം ഇല്ലെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.

അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കാനുള്ള സാഹചര്യമില്ലെന്നാണ് സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെക്കുകയും നടുത്തളത്തില്‍ ഇറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു.

നടുത്തളത്തിലിറങ്ങിയാല്‍ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കില്ലെന്നും പ്രതിപക്ഷം സീറ്റില്‍ ഇരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിപക്ഷം സീറ്റില്‍ ഇരിക്കുകയായിരുന്നു. പുതിയ കീഴ്വഴക്കം സൃഷ്ടിക്കരുതെന്നും പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാതിരിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.


Content Highlights: The aim of the BJP and the Congress is to keep the government in power: Pinarayi Vijayan

We use cookies to give you the best possible experience. Learn more