| Saturday, 18th November 2017, 12:46 pm

മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ഗംഭീര റേറ്റിങ് നല്‍കിയ മൂഡീസ് വ്യാജ റേറ്റിങ്ങിലൂടെ യു.എസിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തളളിവിട്ടതിന് വന്‍തുക പിഴയൊടുക്കിയവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ഉയര്‍ന്ന റേറ്റിങ് നല്‍കിയ ആഗോള റേറ്റിങ് ഏജന്‍സി മൂഡീസ് റേറ്റിങ്ങിലെ സുതാര്യതയില്ലായ്മയ്ക്ക് വന്‍തുക പിഴയൊടുക്കിയവര്‍.

2008ല്‍ വ്യാജ റേറ്റിങ് പുറത്തുവിടുകയും അതുവഴി അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിയെ പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്തതിനാണ് മൂഡീസ് പിഴയൊടുക്കേണ്ടി വന്നത്. 11 ബില്യണ്‍ ദക്ഷിണാഫ്രിക്കന്‍ കറന്‍സിയാണ് ഇവര്‍ പിഴയായി ഒടുക്കേണ്ടി വന്നത്.

ഇതിനുപുറമേ ആഗോള സംരഭങ്ങളുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടത്തിയ റേറ്റിങ് എങ്ങനെ തയ്യാറാക്കിയതെന്നതിനു വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് 1.24മില്യണ്‍ പൗണ്ടും മൂഡീസില്‍ നിന്ന് പിഴയായി ഈടാക്കിയിരുന്നു. മൂഡീസിന്റെ ജര്‍മ്മന്‍ ശാഖയില്‍ നിന്നും 75,0000 പൗണ്ടും യു.കെ ശാഖയില്‍ നിന്നും 490,000 പൗണ്ടുമാണ് പിഴയായി ഈടാക്കിയത്.

മൂഡീസിനെ സ്വാധീനിച്ചാണ് ഇന്ത്യയുടെ വളര്‍ച്ചാതോത് ഊതിപ്പെരുപ്പിച്ച് കാണിക്കുന്ന റേറ്റിങ് ഉണ്ടാക്കിയെടുത്തതെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയവും മൂഡീസും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ വിവരങ്ങള്‍ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു.

2016 ഒക്ടോബര്‍ 17ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അയച്ച കത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്ഥാനം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ റേറ്റിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചിരുന്നില്ല. ഇതോടെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം അടക്കമുള്ളവര്‍ മൂഡീസിനെതിരെ രംഗത്തുവന്നിരുന്നു.


Must Read: ‘ഒന്നുമറിയാതെ ഗ്യാലറിയെ അഭിവാദ്യം ചെയ്ത് സല്ലു’; പിന്നില്‍ നിന്നും സല്‍മാന് എട്ടിന്റെ പണി കൊടുത്ത് കത്രീന; ചിരിയടക്കാനാകാതെ കൊച്ചി, വീഡിയോ


കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും മൂഡീസ് മികച്ച റേറ്റിങ് നല്‍കിയുളള മൂഡീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇന്ത്യയുടെ റേറ്റിങ് ഏറ്റവും താഴ്ന്ന നിക്ഷേപ ഗ്രേഡായ ബി.എ.എ3യില്‍ നിന്നും ബി.എ.എ2 വിലേക്കാണ് ഉയര്‍ത്തിയത്. ഇതിനു പുറമേ റേറ്റിങ്ങിലുള്ള വീക്ഷണം പോസിറ്റീവ് എന്ന നിലയില്‍ നിന്നും സ്‌റ്റേബിള്‍ എന്നാക്കി പരിഷ്‌കരിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more