| Monday, 14th March 2022, 7:26 pm

സി.പി.ഐയിലും പ്രായപരിധി വരുന്നു; ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി 75 വയസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.പി.ഐ.എമ്മിന് പിന്നാലെ സി.പി.ഐയിലും ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പ്രായപരിധി വരുന്നു. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരമാവധി 75 വയസ് വരെയായിരിക്കും പ്രായപരിധി. ദല്‍ഹിയില്‍ നടന്ന സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ബ്രാഞ്ച് സെക്രട്ടറിമാരുടെ പ്രായപരിധി 45 വയസാക്കും. ജില്ലാ സെക്രട്ടറിമാര്‍ക്ക് 60 വയസ് എന്നാണ് യോഗത്തില്‍ നിശ്ചയിച്ചിട്ടുള്ളത്.

പാര്‍ട്ടി നേതൃതലത്തില്‍ പതിനഞ്ച് ശതമാനം വനിതകള്‍, പട്ടിക വിഭാഗ സംവരണം നടപ്പാക്കുമെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിശാലമതേതര സഖ്യം വേണം. സില്‍വര്‍ ലൈനും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും ഒരുപോലെയല്ലെന്നും യോഗത്തില്‍ പറഞ്ഞു.

75 വയസിന് മുകളിലുള്ളവരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 75 വയസിന് മുകളിലുള്ള 13 പേരെയാണ് ഒഴിവാക്കിയത്.

ജി. സുധാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി. കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ആര്‍. ഉണ്ണികൃഷ്ണ പിള്ള, കെ.പി. സഹദേവന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ തുടരില്ല. എം.എം. മണി, കെ. ജെ. തോമസ്, സി.പി. നാരായണന്‍, പി.പി. വാസുദേവന്‍, എം ചന്ദ്രന്‍, കെ. വി. രാമകൃഷ്ണന്‍ എന്നിവരേയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.


Content Highlights: The age limit is also coming in the CPI

We use cookies to give you the best possible experience. Learn more