കവരത്തി: ലക്ഷദ്വീപില്‍ മത്സ്യത്തൊഴിലാളികളുടെ ഷെഡുകളും മത്സ്യം ഉണക്കാനുള്ള സൗകര്യങ്ങളും പൊളിച്ചു കളഞ്ഞു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമെത്തിയാണ് കവരത്തിയിലെ മത്സ്യത്തൊഴിലാളികളുടെ സൗകര്യങ്ങള്‍ പൊളിച്ചു നീക്കിയത്. ഹൈക്കോടതി വിധി മാനിക്കാതെയാണ് അധികൃതരുടെ നടപടിയെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
നേരത്തെയും സമാന രീതിയിലുള്ള അതിക്രമമുണ്ടായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇനി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് പകരം സൗകര്യമൊരുക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാതെയാണ് ലക്ഷദ്വീപ് ഭരണകൂടം മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ നിര്‍ത്തിയിടുന്ന ഷെഡുകളും മത്സ്യം ഉണക്കാന്‍ ഉപയോഗിക്കുന്ന സൗകര്യങ്ങളും തകര്‍ത്തിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് തീരസംരക്ഷണ നടപടികളുമായി ബന്ധപ്പെട്ട് കവരത്തിയിലെ ഷെഡുകളും മറ്റും പൊലീസിനെ ഉപയോഗിച്ച് തകര്‍ത്തത്.
മത്സ്യത്തൊഴിലാളികള്‍ക്ക് പകരം സൗകര്യം ഒരുക്കണമെന്ന് ലക്ഷദ്വീപ് എം.പി. ഹംദുള്ള സെയ്ദ് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ഈ അതിക്രമത്തില്‍ പ്രതിഷേധിക്കുന്നതായും തൊഴിലാളികള്‍ക്ക് ഐക്യാദര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
തീരസംരക്ഷണത്തിന്റെ പേരിലാണ് ലക്ഷദ്വീപ് ഭരണകൂടം മത്സ്യത്തൊഴിലാൡകളുടെ താത്കാലിക ഷെഡുകളും ബോട്ട് യാര്‍ഡുകളുമെല്ലാം പൊളിച്ചു നീക്കുന്നത്. ലക്ഷദ്വീപിന്റെ പ്രധാനപ്പെട്ട വരുമാനങ്ങളിലൊന്ന് ഉണക്കിയ മത്സ്യമാണ്. മത്സ്യം ഉണക്കാനായി ഉപയോഗിക്കുന്ന ഷെഡുകളും ഇവിടെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഈ നിര്‍മിതികളെല്ലാം തന്നെ താത്കാലിക സംവിധാനങ്ങളാണ്. തെങ്ങോലകള്‍ ഉപയോഗിച്ചും മരക്കുറ്റികള്‍ ഉപയോഗിച്ചുമാണ് ഇവയെല്ലാം നിര്‍മിച്ചിരിക്കുന്നത്.
എന്നാല്‍ ഇതേ തീരസംരക്ഷണ നിയമത്തിന് യാതൊരു വിധ വിലയും കല്‍പിക്കാതെ ഗുജറാത്തില്‍ നിന്നുള്‍പ്പടെയുള്ള വന്‍കിട കമ്പനികള്‍ ബങ്കാരം ഉള്‍പ്പടെയുള്ള ദ്വീപുകളില്‍ തീരത്തോട് ചേര്‍ന്ന് വന്‍കിട കോണ്‍ഗ്രീറ്റ് നിര്‍മിതകള്‍ നടത്തുന്നുണ്ട്. ടൂറിസത്തിന്റെ പേരില്‍ നിര്‍മ്മിക്കുന്ന ഇത്തരം നിര്‍മിതികള്‍ക്കെതിരയൊന്നും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
content highlights: The administration demolished the fishermen’s sheds in Lakshadweep