ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുവല്ല: സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കൊലപാതകം നടത്തിയതിലെ ആസൂത്രണം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം ഉണ്ടാവുക.
കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, കേസിലെ നാലാം പ്രതിയായ മുഹമ്മദ് ഫൈസല്‍ എന്ന പേരില്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു തിരിച്ചറിയല്‍ രേഖകളും കൈയ്യിലില്ലാത്ത ഇയാള്‍ കാസര്‍ഗോഡ് മൊഗ്രാല്‍ സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാഷ്ട്രീയ വൈരാഗ്യവും വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. നിലവിലെ പ്രതികളെ കൂടാതെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തും.
കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇവരെ ഒളിവില്‍ പോവാന്‍ സഹായിച്ചവരെ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. മൂന്ന് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് രതീഷ് എന്ന സുഹൃത്താണ്. ഇയാളെ കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രതീഷിനേയും കൊലപാതക കേസില്‍ പ്രതി ചേര്‍ക്കാനാണ് സാധ്യത. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
കേസിലെ അഞ്ചാം പ്രതി അജി കൊലപാതകത്തിന് ശേഷം മറ്റൊരാളുമായി സംസാരിച്ചുവെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകം നടത്തിയത് നിലവില്‍ അറസ്റ്റിലായവര്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശം ശാസ്ത്രീയ പരിശോധനകളിലൂടെ ഉറപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.
കസ്റ്റഡിയിലുള്ള പ്രതികളുടെയും കഴിഞ്ഞകാലങ്ങളിലെ ഫോണ്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.
അതേസമയം, കേസിലെ പ്രതികള്‍ക്കെതിരെ മറ്റൊരു കേസുകൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കേസിലെ പ്രതികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ സുഹൃത്തായ രതീഷും അരുണും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. രതീഷിന് വേണ്ടിയാണ് പ്രതികള്‍ ചേര്‍ന്ന് അരുണിനെ മര്‍ദ്ദിച്ചത്.
ലോഡ്ജില്‍ വെച്ച് ഇവര്‍ അരുണിനെ മര്‍ദ്ദിക്കുകയായിരുന്നു. സന്ദീപിന്റെ കൊലപാതകത്തിന് ശേഷം ഒരു പ്രതിയെ ഈ ലോഡ്ജില്‍ നിന്നാണ് പിടികൂടിയിരുന്നത്. ആ സമയത്താണ് അരുണിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്.
Content Highlights: The address given in the name of Muhammad Faisal is fake