| Friday, 20th January 2023, 4:17 pm

നന്‍ പകല്‍ ചെയ്യാന്‍ ലിജോയ്ക്ക് പ്രചോദനമായ പരസ്യം; വൈറലായി സാമിയായ സിഖ് ബാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തിയ നന്‍ പകല്‍ നേരത്ത് മയക്കം എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വേളാങ്കണ്ണി തീര്‍ത്ഥാടന യാത്രക്ക് ശേഷം തിരികെ നാട്ടിലേക്കുള്ള യാത്രക്കിടയില്‍ ജെയിംസ് എന്ന വ്യക്തിക്ക് സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

നന്‍ പകല്‍ ചെയ്യാന്‍ എല്‍.ജെ.പിക്ക് പ്രചോദനമായ പരസ്യ ചിത്രം എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ ഒരു പരസ്യം ഇപ്പോള്‍ വൈറലാവുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം ബസില്‍ സഞ്ചരിക്കുന്ന ഒരു സിഖ് ബാലനിലൂടെയാണ് പരസ്യം തുടങ്ങുന്നത്. യാത്രക്കിടയില്‍ വെച്ച് ഒരു തമിഴ് വീട് കാണുമ്പോള്‍ അവന്റെ മട്ടും ഭാവവും മാറുന്നു. സിഖ് ഭാഷ സംസാരിച്ചുകൊണ്ടിരുന്ന അവന്‍ തമിഴില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നു. എന്റെ വീട് എന്ന് പറഞ്ഞ് അകത്തേക്ക് പ്രവേശിക്കുന്ന ബാലന്‍ അവിടുത്തെ മരിച്ചുപോയ വല്യപ്പന്റെ ചാരുകസേരയില്‍ കയറി കിടക്കുന്നു. തന്റെ ഭര്‍ത്താവിന്റെ അതേ ശരീര ഭാഷയില്‍ പെരുമാറുന്ന ബാലന്റെ സമീപത്തേക്ക് സാമി എന്ന് വിളിച്ച് വീട്ടിലെ വല്യമ്മ ചെല്ലുന്നിടത്താണ് പരസ്യം തീരുന്നത്.

ഗ്ലീന്‍പ്ലൈ പ്ലൈവുഡിന്റെ ഈ പരസ്യത്തില്‍ നിന്നാണ് തനിക്ക് നന്‍ പകല്‍ ചെയ്യാന്‍ പ്രചോദനം ലഭിച്ചതെന്ന് ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ച് ലിജോ പറഞ്ഞിരുന്നുവെന്നും സിനിമയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം പരസ്യ ചിത്രത്തിന് നന്ദി രേഖപ്പെടുത്തുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ക്കൊപ്പമുള്ള ക്യാപ്ഷനില്‍ പറയുന്നു.

നന്‍ പകലില്‍ ജെയിംസില്‍ നിന്നും പിന്നീട് സുന്ദരമായി മാറുകയാണ് മമ്മൂട്ടി. സുന്ദരത്തിന്റെ വീട്ടില്‍ പോയി അയാളെ പോലെ പെരുമാറുകയും അയാളുടെ വസ്ത്രങ്ങള്‍ അണിഞ്ഞു അയാള്‍ പോകുന്ന വഴിയെയെല്ലാം പോകുന്നുണ്ട് ജെയിംസ്.

മമ്മൂട്ടിയുടെ പ്രകടനത്തെ തന്നെയാണ് ചിത്രം കണ്ട പ്രേക്ഷകരൊന്നാകെ എടുത്ത് പറയുന്നത്. മമ്മൂട്ടിയിലെ നടനെ ലിജോ ഊറ്റിയെടുത്തിട്ടുണ്ടെന്നും സ്വപ്‌നം പോലെ മനോഹരമായ ചിത്രമാണ് നന്‍ പകലെന്നും പ്രേക്ഷകര്‍ പറയുന്നു.

എല്‍.ജെ.പിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍ പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: the ad inspired Lijo jose pellissery to make nan pakal nerathu mayakkam 

We use cookies to give you the best possible experience. Learn more