| Saturday, 18th March 2023, 4:05 pm

'ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട എട്ട് യുദ്ധങ്ങള്‍; പുടിനെ പോലെ ഒബാമക്കും ബുഷിനും ഐ.സി.സിയുടെ അറസ്റ്റ് വാറണ്ടില്ലാത്തതെന്ത്?'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട്- ICC)യുടെ നടപടി ഇരട്ടത്താപ്പെന്ന് വിമര്‍ശനം.

ബരാക്ക് ഒബാമയും ജോര്‍ജ് ബുഷും അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന സമയത്ത് ഉണ്ടായ യുദ്ധങ്ങള്‍ക്ക് എന്ത് കൊണ്ടാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് ഒരു ഉപരോധം പോലും ഏര്‍പ്പെടുത്താത്തതെന്നാണ് ഉയരുന്ന ചോദ്യം.

ഒബാമയും ബുഷും അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ എട്ട് യുദ്ധങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ഐ.സി.സിയുടെ അറസ്റ്റ് വാര്‍ണ്ടോ ഉപരോധങ്ങളോ അമേരിക്കക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും, പകരം ഒബാമക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമാണ് ലഭിച്ചതെന്നും ലെബനീസ് ആക്ടിവിസ്റ്റ് സാറ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ഉക്രൈനിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ.സി.സി) പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ലിബിയ, സിറിയ, യെമന്‍ എന്നിവിടങ്ങളിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഒബാമക്കെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് എപ്പോള്‍ പുറപ്പെടുവിക്കും? ഇറാഖില്‍ ഒരു ദശലക്ഷത്തിലധികം നിരപരാധികളെ കൊന്നതിന് ബുഷിനെതിരെ നടപടിയുണ്ടാകുമോ?,’ സാറ ട്വീറ്റ് ചെയ്തു.

അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐ.സി.സി പുടിന് യുദ്ധത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഉക്രൈനില്‍ താമസിക്കുന്ന കുട്ടികളെ റഷ്യയിലേക്ക് അനധികൃതമായി നാടുകടത്തിയതില്‍ പുടിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കോടതി പ്രസ്താവനയിറക്കി. പുടിനെ കൂടാതെ റഷ്യയിലെ ബാലാവകാശ കമ്മീഷന്റെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണറായ മരിയ അലക്സിയെവ്നയ്ക്കെതിരെയും വാറണ്ട് നല്‍കിയിട്ടുണ്ട്.

റോം ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 8(2)(എ)(vii), ആര്‍ട്ടിക്കിള്‍ 8(2)(b)(viii) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

2022 ഫെബ്രുവരി 24 മുതലുള്ള ഉക്രൈന്‍ യുദ്ധത്തിലാണ് കേസെടുക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

Content Highlight: The action of the International Criminal Court (ICC) which issued an arrest warrant against Russian President Vladimir Putin has been criticized as a double standard

We use cookies to give you the best possible experience. Learn more