സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമന ഉത്തരവില്‍ ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം, യൂണിവേഴ്‌സിറ്റികളെ സി.പി.ഐ.എം സെന്റാറാക്കുന്നു: വി.ഡി. സതീശന്‍
Kerala News
സമ്മര്‍ദ്ദത്തിന് വഴങ്ങി നിയമന ഉത്തരവില്‍ ഒപ്പിട്ട ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം, യൂണിവേഴ്‌സിറ്റികളെ സി.പി.ഐ.എം സെന്റാറാക്കുന്നു: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th December 2021, 12:27 pm

തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ പാടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമ്മര്‍ദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടിയും നിയമവിരുദ്ധമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

വി.സി നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. സര്‍വകലാശാലകള്‍ സി.പി.ഐ.എം സെന്ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ഗവര്‍ണറും മുഖ്യമന്ത്രിയും പ്രശ്‌നം നേരത്തെ ഒത്തുത്തീര്‍പ്പാക്കിയിട്ടുണ്ട്. അക്കാദമിക വിഷയങ്ങളില്‍ സി.പി.ഐ.എം ഇടപെടുന്നതാണ് പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം നേതാവിന്റെ ബന്ധുക്കള്‍ക്ക് മാത്രം യൂണിവേഴ്‌സിറ്റികളില്‍ ജോലി ലഭിക്കുന്നുള്ളുവെന്നും ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യോഗ്യതയുള്ളവര്‍ ഇത്തരം പോസ്റ്റുകളിലേക്ക് അപേക്ഷിക്കാന്‍ പോലും തയ്യാറാവാറില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം, സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ മാന്യത ലംഘിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. രഹസ്യമായി വെക്കേണ്ടിയിരുന്ന കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കിയത് ശരിയായില്ല.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണരെ മാറ്റാന്‍ എല്‍.ഡി.എഫ് ആഗ്രഹിക്കുന്നില്ല. അതിന് വേണ്ടി നിര്‍ബന്ധിക്കരുതെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നത്.

ഗവര്‍ണറുടെ നിലപാട് ദുരൂഹതയുണ്ടാക്കുന്നുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഗവര്‍ണറും സര്‍ക്കാറും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി തുടരണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നുമാണ് കോടിയേരി പറഞ്ഞിരുന്നത്.

വി.സിമാരുടെ നിയമനം കക്ഷി രാഷ്ട്രീയപരമായല്ല നടത്തുന്നതെന്നും അക്കാദമിക മികവുള്ള വി.സിമാരാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി നേരത്തെ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ നല്ല ബന്ധമാണ്. അദ്ദേഹത്തിന് മോശമായ രീതിയിലുള്ള ഒന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

യൂണിവേഴ്സിറ്റികളുടെ ചാന്‍സിലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അത് ഗവര്‍ണര്‍ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇപ്പോഴുള്ള നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഗവര്‍ണറുടെ പരസ്യപ്രസ്താവന ദുഖകരമാണ്. കേരളം ഒട്ടും മുന്നോട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമാകുന്ന നിലപാട് ഗവര്‍ണര്‍ സ്വീകരിക്കരുത്. മനസാക്ഷിക്ക് വിരുദ്ധമായി ഗവര്‍ണര്‍ എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

അതേസമയം, സര്‍ക്കാറുമായി ഏറ്റമുട്ടലിനില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പറയുന്നത് മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്. തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ഗവര്‍ണര്‍ കത്തില്‍ ഉന്നയിച്ചിരുന്നത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാറിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നുമായിരുന്നു ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The action of the governor who signed the appointment order under pressure is illegal: VD Satheesan