സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അയോഗ്യതയാവരുത്; ധനകമ്മീഷന് മുമ്പില്‍ ഒറ്റക്കെട്ടായി കേരളം
Kerala News
സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ അയോഗ്യതയാവരുത്; ധനകമ്മീഷന് മുമ്പില്‍ ഒറ്റക്കെട്ടായി കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2024, 9:18 am

കോഴിക്കോട്: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാനത്തിന്റെ വിഭജനത്തില്‍ ഉള്‍പ്പെടെയുള്ള സുപ്രധാന മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് 16ാം ധനകാര്യ കമ്മീഷനോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് കേരളം.

കേരളത്തിന്റെ മാനവശേഷി വികസനവും ജനസംഖ്യാ നിയന്ത്രണവും പോലുള്ള നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് അര്‍ഹമായ ആനുകൂല്യങ്ങള്‍ വികസനത്തില്‍ പുറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കി, കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറക്കരുതെന്നും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ദേശിച്ചിട്ടുണ്ട്.

എല്‍.ഡി.എഫും യു.എഡി.എഫും അടക്കമുള്ള എല്ലാ മുന്നണികളും ചേര്‍ന്ന്‌ ഒറ്റക്കെട്ടായാണ് ധനകാര്യ കമ്മീഷനോട് ഇക്കാര്യം ആശ്യപ്പെട്ടിരിക്കുന്നത്. നികുതി വരുമാനത്തിന്റെ വിഭജനം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും കൈയാള്ളുന്നത് കേന്ദ്ര സര്‍ക്കാരാണ്.

ഈ സ്ഥിതിയില്‍ മാറ്റം വരണം. 15ാം ധനകാര്യ കമ്മീഷന്ററ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ പൊതു ചെലവിന്റെ 62.4 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. എന്നാല്‍ രാജ്യത്തെ ആകെ വരുമാനത്തിന്റെ 63 ശതമാനം എടുക്കുന്നത് കേന്ദ്രമാണ്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവണം.

വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍ കേരളം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കേരളത്തിന്റെ റവന്യൂ ചെലവ് വര്‍ധിച്ചിട്ടുണ്ട്. ആയതിനാല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 55000 കോടി രൂപയുടെ റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

16-ാം ധനകാര്യ കമ്മീഷന്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍

• ഇന്ത്യന്‍ ഭരണഘടനയുടെ 280-ാം ആര്‍ട്ടിക്കിള്‍ പ്രകാരം രൂപീകരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമ്മീഷന്റെ പ്രധാന ചുമതല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ്.   • വ്യത്യസ്തവും നാനാത്വങ്ങള്‍ നിറഞ്ഞതുമായ നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷതകള്‍ മനസ്സിലാക്കി സന്തുലിതമായി നികുതി വിതരണം നിര്‍വഹിക്കേണ്ട ചുമതലയാണ് ധനകാര്യ കമ്മീഷന്.

• രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങള്‍ക്ക് നീതിയുക്ത മായി ലഭിക്കുന്നതിനുള്ള തീരുമാനങ്ങളും ധനകാര്യകമ്മീഷനാണ് കൈക്കൊള്ളുന്നത്.

• നിലവില്‍ ധനകാര്യ ഫെഡറലിസം വലിയ പ്രതിസന്ധി നേരിടുകയാണ്.  സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങളുടെ ചിറകരിയുകയും കേന്ദ്രത്തിലേക്ക് പൊതുവരുമാനം മുതല്‍ക്കൂട്ടുകയും ചെയ്യുകയാണ്.

വരവും ചെലവും – സംസ്ഥാനവും കേന്ദ്രവും

• 15-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ പൊതു ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്.

• എന്നാല്‍ രാജ്യത്തെ ആകെ വരുമാനത്തിന്റെ 63 ശതമാനം കേന്ദ്രം എടുക്കുകയാണ്.

ഡിവിസിബിള്‍ പൂള്‍ 

• സംസ്ഥാനങ്ങള്‍ക്ക് വീതംവെയ്‌ക്കേണ്ട ഡിവിസിബിള്‍ പൂളിലേക്ക് പോകുന്നത് കേന്ദ്ര വരുമാനത്തിന്റെ 41 ശതമാനമാണ്.

• അതായത് 100 രൂപ കേന്ദ്രനികുതിയായി സംസ്ഥാനങ്ങള്‍ നല്‍കുമ്പോള്‍ അതില്‍ 41 രൂപ സംസ്ഥാനങ്ങള്‍ക്ക് തിരികെ വീതിച്ച് നല്‍കുന്നുണ്ട്.

• 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിന് ലഭിച്ചിരുന്നത് ഡിവിസിബിള്‍ പൂളിന്റെ 3.8 ശതമാനമായിരുന്നെങ്കില്‍ 15-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് അത് 1.925 ശതമാനമായി കുറഞ്ഞു.

• പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംസ്ഥാനത്തിനുണ്ടായത്.

• രാജ്യത്തെ ആകെ ജി.ഡി.പിയുടെ 3.8 ശതമാനം കേരളത്തിന്റെ സംഭാവനയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്.  എന്നാല്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വീതം വെയ്ക്കുമ്പോള്‍ കേരളത്തിന് നല്‍കുന്നത് 1.92 ശതമാനവും.  ഈ അസന്തുലിതാവസ്ഥ കടുത്ത നീതിനിഷേധമാണ്.

സെസ്സും സര്‍ചാര്‍ജ്ജും

• ഡിവിസിബിള്‍ പൂളിലേക്ക് ചേര്‍ക്കേണ്ടതില്ലാത്ത സെസ്സ്, സര്‍ചാര്‍ജ്ജ് എന്നിവ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണാതീതമായി വര്‍ധിപ്പിക്കുകയാണ്.  ആകെ നികുതി വരുമാനത്തിന്റെ 23 ശതമാനത്തോളമായി സെസ്സും സര്‍ചാര്‍ജ്ജും ഉയര്‍ന്നിരിക്കുന്നു.

• ഫെഡറല്‍ മൂല്യങ്ങളുടെ ഏറ്റവും വ്യക്തമായ ധ്വംസനമാണിത്.

കേരളത്തിന്റെ നേട്ടങ്ങള്‍ അയോഗ്യതയാകുമ്പോള്‍

• ധനകാര്യ കമ്മീഷന്‍ നിശ്ചയിക്കുന്ന നികുതി വിഹിതം കേരളത്തിന് വെട്ടിക്കുറയ്ക്കുന്നതിന് മാനദണ്ഡമാക്കുന്നത് നാം കൈവരിച്ച മാനവശേഷി വികസനവും ജനസംഖ്യാ നിയന്ത്രണവുമാണ്.

• പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2011ലെ സെന്‍സസ് അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള സഹായങ്ങള്‍ നിശ്ചയിച്ചത്.

• ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് അത് തിരിച്ചടിയായി.

• ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള സഹായം നല്‍കാന്‍ നിശ്ചയിക്കുന്ന പല മാനദണ്ഡങ്ങളും കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് യോജിച്ചവയല്ല.

• മെച്ചപ്പെട്ട മാനവ വികസന നേട്ടങ്ങളുള്ള സംസ്ഥാനങ്ങള്‍ പിന്തള്ളപ്പെടുകയും അടിസ്ഥാന മേഖലകളില്‍ ഇപ്പോഴും ശരാശരിയ്ക്ക് താഴെ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുകയും ചെയ്യുന്നു.

• നമ്മുടെ സാമൂഹികവും മാനവികവുമായ നേട്ടങ്ങള്‍ നമ്മുടെ അയോഗ്യതയായി കണക്കാക്കപ്പെടുന്നു.

• കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന രണ്ടാം തലമുറ വികസന പ്രശ്‌നങ്ങള്‍ ധനകാര്യ കമ്മീഷനുകളുടെ പരിഗണനയില്‍ വരേണ്ടതുണ്ട്.

• ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യം, മൈഗ്രേഷന്‍, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം, മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സംസ്ഥാനത്തിന് സഹായം ആവശ്യമുണ്ട്.

കേന്ദ്ര വിഹിതം കുത്തനെ കുറയുന്നു

• കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 79 ശതമാനവും ഇന്ന് സംസ്ഥാനം കണ്ടെത്തുകയാണ്.  കേന്ദ്ര വിഹിതം കുറഞ്ഞ് കുറഞ്ഞ് വന്ന് 21 ശതമാനത്തിലെത്തിയിരിക്കുന്നു.

• രാജ്യത്തെ ആകെ കണക്കെടുത്താല്‍ ശരാശരി 65 ശതമാനം വരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമ്പോഴാണ് കേരളത്തിന് 21 ശതമാനം മാത്രം ലഭിക്കുന്നത്.

• മുന്‍പ് 45 ശതമാനം വരെ ലഭിച്ചിരുന്നിടത്താണ് ഇത്.


കേരളത്തിന്റെ തനത് നികുതി വരുമാനം

• കേരളം തനത് നികുതി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്.

• കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ 30,000 കോടി രൂപയുടെ വര്‍ധനവ് തനത് വരുമാനത്തില്‍ സാധ്യമാക്കി.

• ഒന്നാം പിണറായി സര്‍ക്കാരിന്റെ  5 വര്‍ഷക്കാലം പ്രതിവര്‍ഷ ശരാശരി ചെലവ് 1,10,000 കോടി രൂപയായിരുന്നു.  എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മൂന്ന് വര്‍ഷ കാലത്തെ ശരാശരി ചെലവ് 1,60,000 കോടി രൂപയാണ്.  വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ചെലവഴിക്കുന്നത് കൂടുകയാണ്.

• ഒരു വശത്ത് കേന്ദ്രം ഞെരുക്കുമ്പോഴും തനത് വരുമാനം വര്‍ധിപ്പിച്ചും ചെലവുകള്‍ കൂട്ടിയും നാം മുന്നോട്ട് പോകുന്നു.

കേരളത്തിന്റെ പ്രത്യേകതകള്‍

• രാജ്യത്ത് ഏറ്റവും ബൃഹത്തായ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനവും ഏറ്റവും വിപുലമായ ക്ഷേമ പ്രവര്‍ത്തനങ്ങളും നടക്കുന്നത് കേരളത്തിലാണ്.

• ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ മാത്രം പ്രതിവര്‍ഷം 11,000 കോടി രൂപ മുടക്കുന്ന സംസ്ഥാനമാണ് കേരളം.

• നാല് ലക്ഷത്തിലധികം പേര്‍ക്ക് വീട് വെച്ച് നല്‍കിയ ലൈഫ് ഭവന പദ്ധതി, 42 ലക്ഷം പേര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്ന കാരുണ്യ പദ്ധതി തുടങ്ങിയവയെല്ലാം ഈ രൂപത്തിലും വലുപ്പത്തിലും മറ്റൊരു സംസ്ഥാനത്തുമില്ല.

കടം

• ഊര്‍ജ്ജമേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയാല്‍ ലഭ്യമാകുന്ന 0.5 ശതമാനം ഉള്‍പ്പടെ 3.5 ശതമാനം കടമെടുക്കാന്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് എഫ്.ആര്‍.ബി.എം ആക്ട് പ്രകാരം അവകാശമുണ്ട്.

• എന്നാല്‍ 2022-23 ല്‍ 2.44 ശതമാനവും 2023-24 ല്‍ 2.9 ശതമാനവും മാത്രമാണ് കേന്ദ്രം കടമെടുക്കാന്‍ അനുമതി നല്‍കിയത്.

• ഇതുമൂലം ഉണ്ടായ നഷ്ടം മാത്രം 16,000 കോടിയിലധികമാണ്.

• ബജറ്റിന് പുറത്ത് നിന്ന് ധനം സമാഹരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രൂപീകരിക്കപ്പെട്ട കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കാനായി രൂപീകരിച്ച പെന്‍ഷന്‍ കമ്പനിയും എടുത്ത ബജറ്റിന് പുറത്തുള്ള വായ്പകളെ സംസ്ഥാനത്തിന്റെ പൊതുകടമാക്കി കണക്കാക്കി അത് നടപ്പ് വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുകയാണ്.

• ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സങ്കീര്‍ണമാക്കുന്ന സവിശേഷ സാഹചര്യത്തിലാണ് ധനകാര്യ കമ്മീഷന്‍ അതിന്റെ അന്തിമ റിപ്പോര്‍ട്ടിലേക്ക് പോകുന്നത്.

Content Highlight: The achievements of the state should not be disqualified; Kerala stands united before the 16th Finance Commission