ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം മോഷ്ടിച്ചത് ഐശ്വര്യം കിട്ടാന്‍ വേണ്ടിയാണെന്ന് പ്രതികള്‍
Kerala News
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം മോഷ്ടിച്ചത് ഐശ്വര്യം കിട്ടാന്‍ വേണ്ടിയാണെന്ന് പ്രതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th October 2024, 11:45 am

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം മോഷണം പോയ സംഭവത്തില്‍ വിചിത്രവാദവുമായി മോഷ്ടാക്കള്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട മൂന്ന് പേരടങ്ങിയ മോഷ്ടാക്കളാണ് ഐശ്വര്യം കിട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ദര്‍ശനത്തിനായാണ് തങ്ങള്‍ ക്ഷേത്രത്തിലെത്തിയതെന്ന് പറഞ്ഞ പ്രതികള്‍ പാത്രം കണ്ടപ്പോള്‍ പൂജിക്കാനായി മോഷ്ടിക്കുകയായിരുന്നെന്നും പൊലീസിനോട് പറഞ്ഞു. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തില്ല. പുരാവസ്തു വിഭാഗത്തില്‍പ്പെട്ടതാണ് മോഷണം പോയ പാത്രം.

പിടിയിലായ പേരും മൂന്ന് ഹരിയാന സ്വദേശികളാണ്. ഇതില്‍ ഒരാള്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ആണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം നടക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ മൂവര്‍ സംഘം ക്ഷേത്രത്തിനകത്തെ അതീവ സുരക്ഷ മേഖലയിലേക്ക് കടന്ന് മോഷണം നടത്തുകയായിരുന്നു.

പാത്രം കാണാനില്ല എന്ന വിവരം അറിഞ്ഞ ക്ഷേത്രം അധികൃതര്‍ സി.സി.ടി.വി ഫൂട്ടേജുകള്‍ പരിശോധിച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. മോഷണത്തിന് പിന്നാലെ ഉഡുപ്പിയിലേക്ക് വിമാന മാര്‍ഗം രക്ഷപ്പെട്ട സംഘം ഹരിയാനയിലേക്ക് പോവുകയായിരുന്നു. ഫോര്‍ട്ട് പൊലീസ് വിവരം ഹരിയാന പൊലീസിനെ അറിയിച്ചതോടെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലേക്ക് എത്തിക്കും.

കേരള പൊലീസും കേന്ദ്ര പൊലീസും കാവല്‍ നില്‍ക്കുന്ന സുരക്ഷാമേഖലയില്‍ നിന്നാണ് മോഷണം നടന്നത് എന്നതിനാല്‍ അതീവജാഗ്രതയോടെയാണ് പൊലീസ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്.

Content Highlight: The accused said that they stole the pot from Sri Padmanabha Swamy temple to get wealth