| Sunday, 13th November 2022, 11:47 pm

ബി.ജെ.പി സ്ഥാനാര്‍ഥിയായ മകളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഗുജറാത്ത് കലാപക്കേസിലെ പ്രതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ മകളെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത് വിവാദമായിരുന്നു.

നരോദ പാട്യ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട മനോജ് കുക്രാനിയുടെ മകള്‍ പായല്‍ കുക്രാനിയെയാണ് നരോദ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. മനോജ് കുക്രാനി ഇപ്പോള്‍ മകള്‍ക്കുവേണ്ടി പ്രചാരണം നയിക്കുകയാണെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് പറയുന്നത്. 2015 മുതല്‍ മനോജ് കുക്രാനി ജാമ്യത്തിലാണ്.

നരോദയിലെ സിറ്റിങ് എം.എല്‍.എ ബല്‍റാം തവാനിയെ മാറ്റിയാണ് പായല്‍ കുക്രാനിക്ക് ബി.ജെ.പി
സീറ്റ് നല്‍കിയത്. അനസ്തേഷിസ്റ്റായ പായല്‍ കുക്രാനിക്ക് രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ല. നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തില്‍ നിന്നാണ് ബി.ജെ.പി പായലിനെ മത്സരിപ്പിക്കുന്നത്.

നരോദയില്‍ 97 പേരെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട 32 പേരില്‍ ഒരാളാണ് മനോജ് കുക്രാനി. 2012-ലാണ് മനോജ് കുക്രാനിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

അതേസമയം, മനോജ് കുക്രാനിയെ കുറ്റക്കാരനായി കണ്ടെത്തിയ വിധി കോടതിയുടെ പരിഗണനയിലാണെന്നാണ് പിതാവ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പായലിന്റെ മറുപടി.

‘പിതാവ് പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന് ശിക്ഷ ലഭിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോഴും അതിനെതിരെ പോരാടുകയാണ്.

പിതാവ് മാത്രമല്ല അമ്മയും എല്ലാ ബി.ജെ.പി നേതാക്കളും പ്രചാരണത്തില്‍ എന്നെ സഹായിക്കുന്നു. ഇവിടെ വിഷയം വികസനം മാത്രമാണ്,’ പായല്‍ കുക്രാനി പറഞ്ഞു.


CONTENT HIGHLIGHT: The accused in the Gujarat riots case is active in the election campaign of his daughter, who is a BJP candidate

We use cookies to give you the best possible experience. Learn more