പൊലീസിനെ കണ്ട ഉടന്‍ പ്രതി പുഴയിലേക്ക് ചാടുകയും രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഈ സമയത്ത് സമീപത്ത് ചായ കുടിക്കുകയായിരുന്ന തൊഴിലാളികളെ സമീപിച്ച പൊലീസ്, പുഴയിലിറങ്ങാന്‍ കഴിയുമോ എന്ന് ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മുരുകനും ജോഷിയും പുഴയിലേക്കിറങ്ങി പ്രതിയെ പിടികൂടുകയായിരുന്നു. തൊഴിലാളികള്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ പ്രതി നീന്തി രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് പ്രദേശത്തുണ്ടായിരുന്നവര്‍ വിവിധ മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ന് വൈകീട്ടാണ് ആലുവയില്‍ 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് ആലുവ പൊലീസിന്റെ പിടിയിലായത്. നേരത്തെ ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആലുവ പാലസിന് സമീപം പെരിയാര്‍ പുഴക്ക് കുറുകെയുള്ള മാര്‍ത്താണ്ഢവര്‍മ പാലത്തിന് താഴെ വെച്ചാണ് പ്രതിയെ പിടികൂടിയത്.
എറണാകുളത്തെ ക്രിമിനല്‍ രേഖകളില്‍ സതീഷ് എന്ന് പേരുള്ള ക്രിസ്റ്റില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശിയാണ് ക്രിസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ 9 വയസ്സുകാരിയെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചതായും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
content highlights: The accused in Aluva case was caught by the laborers after jumping into the river