കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് റെക്കോര്‍ഡിനുള്ള നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.
മൃദംഗ വിഷന് കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ നികോഷ് കുമാര്‍ ഇന്ന് (വ്യാഴാഴ്ച്ച) ഉച്ചയോടെ പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്. ഹാജരാകാത്ത പക്ഷം അറസ്റ്റ് ചെയ്യാനാണ് നീക്കം. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
അധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പരിപാടിക്കിടെ ഉമ തോമസ് എല്‍.എല്‍.എ വേദിയില്‍ നിന്ന് താഴേക്ക് വീണ് അപകടമുണ്ടായ സംഭവത്തില്‍ മാത്രമായിരിക്കില്ല നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
പരിപാടിയുടെ രജിസ്ട്രേഷന്‍ ഫീ, വസ്ത്രത്തിന്റെ ചെലവ് സംബന്ധിച്ചെല്ലാം ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി ശക്തമാകുന്നത്.
പരിപാടി സംഘടിപ്പിക്കുന്നതില്‍ വലിയ രീതിയിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചതായി പൊലീസും ഫയര്‍ ഫോഴ്സും പൊതു മരാമത്ത് വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പരിപാടിയുടെ സ്റ്റേജ് നിര്‍മിച്ചത് അപകടകരമായ രീതിയില്‍ ആയിരുന്നെന്നും ചില ഭാഗങ്ങളില്‍ വേണ്ടത്ര ഉറപ്പില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഉമ തോമസില്‍ അപകടത്തില്‍ പെട്ടതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
നേരത്തെ പരിപാടിക്കിടെയുണ്ടായ വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയ്ക്ക് മരണം വരെ സംഭവിക്കാം എന്ന് ചൂണ്ടിക്കാണിച്ച് മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പുകള്‍ അടക്കം പ്രതികള്‍ക്കെതിരെ കൂട്ടിച്ചേര്‍ത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിര്‍മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സി.ഇ.ഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlight: The Accident in Kalur Stadium; Mridanga Vision’s bank account has been frozen